രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു, ചടങ്ങില്‍ പങ്കെടുത്ത് ജഗ്ദീപ് ധന്‍കറും

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് നിരവധി മന്ത്രിമാർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ ശ്രദ്ധേയമായത് ജഗ്ദീപ് ധന്‍കറുടെ സാന്നിദ്ധ്യമായിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് ധന്‍കറിനെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. അദ്ദേഹത്തെ പൊതുവേദിയിലൊന്നും കാണാതിരുന്നതോടെ പ്രതിപക്ഷം വിഷയം ദേശീയ ശ്രദ്ധയിലേക്കെത്തിച്ചു. വീട്ടുതടങ്കലിലാണ് എന്ന തരത്തില്‍ പ്രചാരണമുണ്ടായി. മോദി ഭരണകൂടത്തോടുള്ള അഭിപ്രായ ഭിന്നതയും ചര്‍ച്ചയായി. ഒടുവിലാണ് ഇന്നത്തെ ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് വിവാദങ്ങളെ തണുപ്പിക്കാന്‍ ശ്രമമുണ്ടായത്.

പുതിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ്. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. സി പി രാധാകൃഷ്ണന് 452 വോട്ട് കിട്ടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് മുന്നൂറ് വോട്ടുകളാണ് ലഭിച്ചത്.

More Stories from this section

family-dental
witywide