ചെന്നൈ: കേന്ദ്ര സർക്കാർ ജഗ്ദീപ് ധൻകറിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങിയിരുന്നെന്നും അതോടെയാണ് ധൻകർ രാജിവെച്ചതെന്നും ജഗ്ദീപ് ധൻകറിന്റെ രാജിയിൽ വെളിപ്പെടുത്തലുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. ഒരു അഭിമുഖത്തിലായിരുന്നു ഗുരുമൂർത്തിയുടെ പ്രതികരണം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
അനാരോഗ്യം കാരണം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവി രാജിവെച്ചതെങ്കിലും അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ജഗ്ദീപ് ധൻകറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ജഗ്ദീപ് ധൻകറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറിനെ അറിയിച്ചിരുന്നുവെങ്കിലും ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അതാണ് പെട്ടെന്ന് രാജി പ്രഖ്യാപിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ധൻകർ പ്രതിപക്ഷത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രതീതിയും തുടങ്ങി കേന്ദ്ര സർക്കാരുമായുള്ള സ്വരചേർച്ചയില്ലായ്മയുമാണ് രാജിക്ക് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.














