
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്ക് അധിക സന്തോഷം നല്‍കുന്ന നീക്കവുമായി യുഎസിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ. ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചാണ് കാലിഫോര്‍ണിയയും പുതിയ ചുവടുവയ്പ്പു നടത്തിയത്. ഇതുസംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഒപ്പുവെച്ചു.
ജനുവരി ഒന്നുമുതല്‍ ബില്ല് പ്രാബല്യത്തില്‍ വരും. ഇതോടെ അടുത്ത വര്‍ഷത്തെ ദീപാവലി ദിവസം പൊതു വിദ്യാലയങ്ങള്‍ക്കും കമ്മ്യൂണിറ്റി കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കാന്‍ കഴിയും. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയെടുക്കാനാകും.
ദീപാവലി ദിവസം അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ യുഎസ് സംസ്ഥാനമാണ് കാലിഫോർണിയ. 2024ൽ പെൻസിൽവേനിയയാണ് ദീപാവലി സംസ്ഥാന അവധിയാക്കിയ ആദ്യ യുഎസ് സംസ്ഥാനം. പിന്നാലെ കണക്റ്റിക്കട്ടും ഇത് നടപ്പിലാക്കി.
കാലിഫോര്‍ണിയ അസംബ്ലിയിലെ ഡെമോക്രാറ്റിക് അംഗങ്ങളായ ആഷ് കല്‍റ, ഡോ. ദര്‍ശന പട്ടേല്‍ എന്നിവരാണ് ബില്ലിനായി അക്ഷീണം പ്രയത്‌നിച്ചത്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച ‘അസംബ്ലി ബില്‍ 268’ ജൂണില്‍ അംഗീകാരം നേടിയിരുന്നു. അതേസമയം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന് നന്ദിയറിയിച്ച് ഇന്ത്യന്‍ വംശജരും ഹിന്ദു സമൂഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഈ പ്രധാന ഉത്സവത്തെ അംഗീകരിച്ചതിന് ഗവര്‍ണറോട് നന്ദി പറയുന്നതായി കാലിഫോര്‍ണിയയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കൊയലേഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എക്‌സില്‍ പോസ്റ്റ് ചെയ്തു. ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച അസംബ്ലി അംഗങ്ങളായ ഡോ. ദര്‍ശന പട്ടേലിനും ആഷ് കല്‍റയ്ക്കും സംഘടന അഭിനന്ദനങ്ങള്‍ നേര്‍ന്നു.