1,064 കിലോഗ്രാം ഭാരം…അമ്പമ്പോ…എന്തൊരു ഭീമന്‍ മത്തങ്ങ, മത്സരത്തില്‍ ‘ഒന്നാമന്‍’

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു എഞ്ചിനീയറുടെ കൃഷിയിടത്തില്‍ വളര്‍ന്ന ഒരു മത്തങ്ങയുടെ ഭാരം 2,346 പൗണ്ട് (1,064 കിലോഗ്രാം). കാലിഫോര്‍ണിയയില്‍ നടക്കുന്ന വമ്പന്‍ മത്തങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ മത്തങ്ങ ഭീമന്‍. കാലിഫോര്‍ണിയയിലെ സാന്താ റോസയില്‍ നിന്നുള്ള എഞ്ചിനീയറായ ബ്രാന്‍ഡന്‍ ഡോസണാണ് ഈ മത്തങ്ങ പരിപാലിച്ച് വളര്‍ത്തി ഒന്നാം സമ്മാനം നേടിയത്. ഏറ്റവും വലിയ മത്തങ്ങ വളര്‍ത്തി വിജയിച്ചതിന് ഇക്കൊല്ലം ഇദ്ദേഹത്തിന് ലഭിച്ചത് 20,000 ഡോളറാണ്. ഒരു ചെറിയ സെഡാന്‍ അല്ലെങ്കില്‍ ഒരു വലിയ കാട്ടുപോത്തിന്റെ അതേ ഭാരമാണ് ഈ മത്തങ്ങയ്ക്കുമുള്ളത്.

സാന്‍ ഫ്രാന്‍സിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള ഹാഫ് മൂണ്‍ ബേയില്‍ നടന്ന 52-ാമത് ലോക ചാമ്പ്യന്‍ഷിപ്പ് ഭീമന്‍ മത്തങ്ങ മത്സരത്തില്‍ തിങ്കളാഴ്ചയാണ് വിജയം ബ്രാന്‍ഡനെ തേടിയെത്തിയത്. ബ്രാന്‍ഡന്‍ രണ്ട് കുട്ടികളെ ഭീമന്‍ മത്തങ്ങയുടെ മുകളില്‍ ഇരുത്തി പകര്‍ത്തിയചിത്രവും ശ്രദ്ധ നേടുന്നുണ്ട്.

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ റിവിയന്‍ ഓട്ടോമോട്ടീവിലെ നിര്‍മ്മാണ എഞ്ചിനീയറായ ബ്രാന്‍ഡന്‍ ഡോസണ്‍, അഞ്ച് വര്‍ഷമായി വലിയ മത്തങ്ങകള്‍ വളര്‍ത്തുന്നുണ്ട്. ശരിയായി വെള്ളമൊഴിക്കുകയും സൂര്യപ്രകാശം ലഭ്യമാക്കുകയും കൃത്യമായ പരിപാലനവുമാണ് മത്തങ്ങയുടെ വളര്‍ച്ചയെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 2 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും കൃഷിയില്‍ ഒപ്പം കൂട്ടിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഭീമന്‍ മത്തങ്ങകള്‍ക്ക് ഒരു ദിവസം 50 മുതല്‍ 70 പൗണ്ട് വരെ (23 മുതല്‍ 32 കിലോഗ്രാം വരെ) വളരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഹാഫ് മൂണ്‍ ബേയില്‍ നടന്ന മത്സരത്തില്‍ മിനസോട്ട ഹോര്‍ട്ടികള്‍ച്ചര്‍ അധ്യാപകന്‍ ഗിയേഞ്ചര്‍ വളര്‍ത്തിയ മത്തങ്ങയാണ് ഒന്നാമതെത്തിയത്. 2,471 പൗണ്ട് (1,121 കിലോഗ്രാം) തൂക്കമായിരുന്നു അതിനുണ്ടായിരുന്നു. അന്ന് ബ്രാന്‍ഡന്‍ ഡോസന്റെ മത്തങ്ങ രണ്ടാം സ്ഥാനമാണ് നേടിയത്. എന്നാല്‍ ഏറ്റവും ഭീമന്‍ മത്തങ്ങ വളര്‍ത്തി ലോക റെക്കോര്‍ഡ് നേടിയത് മിനസോട്ടയിലെ അനോകയില്‍ നിന്നുള്ള ട്രാവിസ് ജിയേഞ്ചര്‍ എന്ന വ്യക്തിയാണ്. 2023 ലായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഭീമന്‍ ജാക്ക്-ഓ-ലാന്റണ്‍ മത്തങ്ങയുടെ ഭാരം 2,749 പൗണ്ട് (1,247 കിലോഗ്രാം) ആയിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ ജിയേഞ്ചറിന്റെ മത്തങ്ങയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തിന് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

More Stories from this section

family-dental
witywide