
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള ലേക്ക് ടാഹോ പ്രദേശവാസിയായ ഒരാൾക്ക് പ്ലേഗ് രോഗം സ്ഥിരീകരിച്ചു. സൗത്ത് ലേക്ക് ടാഹോയിൽ ക്യാമ്പിംഗിനിടെ രോഗബാധയുള്ള ഒരു ചെള്ള് കടിച്ചാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു. നിലവിൽ ഇയാൾ വീട്ടിൽ ചികിത്സയിലാണെന്ന് എൽ ഡൊറാഡോ കൗണ്ടി അധികൃതർ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
“പ്ലേഗ് സ്വാഭാവികമായും കാലിഫോർണിയയിലെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് എൽ ഡൊറാഡോ കൗണ്ടിയിലെ ഉയർന്ന പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്,” എൽ ഡൊറാഡോ കൗണ്ടിയിലെ പൊതുജനാരോഗ്യ ഡയറക്ടറായ കൈൽ ഫ്ലിഫ്ലെറ്റ് പറഞ്ഞു. കാട്ടു എലികൾ ഉള്ള സ്ഥലങ്ങളിൽ നടക്കുമ്പോഴും, ഹൈക്കിംഗിനും, ക്യാമ്പിംഗിനും പോകുമ്പോഴും ആളുകളും വളർത്തുമൃഗങ്ങളും ശ്രദ്ധിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (CDC) കണക്കനുസരിച്ച്, അമേരിക്കയിൽ പ്രതിവർഷം ശരാശരി ഏഴ് പ്ലേഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. രോഗബാധയുള്ള ചെള്ളുകളുടെ കടിയിലൂടെയോ, രോഗബാധയുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ ഇത് മനുഷ്യരിലേക്ക് പടരാം. രോഗം പിടിപെട്ട് രണ്ടാഴ്ചക്കുള്ളിൽ പനി, വിറയൽ, ബലഹീനത, കഴലവീക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. സാധാരണയായി ഉപയോഗിക്കുന്ന ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പ്ലേഗ് ചികിത്സിച്ചു മാറ്റാം.