കാലിഫോർണിയ: ഒരു മാസം മുമ്പ് കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിൽ പ്രതിയായ ഇന്ത്യൻ യുവാവ് മദ്യലഹരിയിലായിരുന്നില്ലെന്ന് റിപ്പോർട്ട്. യു.എസ്. അധികൃതരാണ് ഇന്ത്യൻ വംശജനായ ഡ്രൈവർ ജഷൻപ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ജഷൻപ്രീതിന്റെ ബന്ധുക്കൾ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടമെന്ന് പറഞ്ഞതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ജഷൻപ്രീത് സിംഗിന് എതിരെ അശ്രദ്ധമായി വാഹമോടിച്ചുള്ള നരഹത്യ കുറ്റം നിലനിൽക്കും.
ഒക്ടോബർ 21നാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിൽ 21കാരനായ ജഷൻപ്രീത് സിംഗ് അറസ്റ്റ് ചെയ്യുന്നത്. സംശയാസ്പദമായി മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം ആദ്യം ചുമത്തിയെങ്കിലും പരിശോധിച്ച റിപ്പോർട്ടുകൾ പ്രകാരം സിംഗിന്റെ രക്തത്തിൽ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ അംശം ഉണ്ടായിരുന്നില്ലെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
ദൃക്‌സാക്ഷികളുടെയും ഡാഷ്‌കാം ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതി അമിത വേഗതയിൽ നിർത്തിയിട്ട വാഹനങ്ങൾക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. 2022-ൽ അനധികൃതമായി യു.എസ്. അതിർത്തി കടന്നെത്തിയ ജഷൻപ്രീത് സിംഗ് ഇമിഗ്രേഷൻ ഹിയറിംഗ് കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
California truck accident: Indian-origin Jashanpreet Singh was not drunk, US authorities say















