
ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നു. ലോസ് ഏഞ്ചല്‍സിന് വടക്ക് പടിഞ്ഞാറ് ഭാഗത്താണ് കാട്ടുതീ പടരുന്നത്. കാന്യോണ്‍ ഫയര്‍ എന്ന് വിളിക്കപ്പെടുന്ന തീ, വെഞ്ചുറ, ലോസ് ഏഞ്ചല്‍സ് കൗണ്ടികളുടെ അതിര്‍ത്തിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ഏകദേശം 5,000 ഏക്കറിലേക്കാണ് തീ പടര്‍ന്നിരിക്കുന്നത്.
അപകട സാധ്യത മുന്നില്‍ക്കണ്ട് 2,700 ല്‍ അധികം താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 14,000 പേര്‍ക്ക് കൂടി ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വെഞ്ചുറ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. തീ ഭാഗികമായി മാത്രമാണ് ഇതുവരെ നിയന്ത്രിക്കാനായത്. വെള്ളിയാഴ്ച വരെ തീയുടെ 25% മാണ് നിയന്ത്രണത്തിലായിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കടുത്ത ചൂടും വരണ്ട കാലാവസ്ഥയും തീ അണയ്ക്കല്‍ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. അതേ സമയം, വരും ദിവസങ്ങളില്‍ താപനില 100°-F (37.7°-C) വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചിക്കുന്നു കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. തീ പടരുന്നതിനാല്‍ സമീപ നഗരങ്ങളിലൊന്നായ സാന്താ ക്ലാരിറ്റ അതീവ ജാഗ്രതയിലാണ്.