
‘കോൾ ഓഫ് ഡ്യൂട്ടി’ സ്രഷ്ടാവ് വിൻസ് സാമ്പെല്ല വാഹനാപകടത്തിൽ ; പോൾ വാക്കറുടെ മരണത്തെ അനുസ്മരിപ്പിച്ച ദുരന്തംCall Of Duty Founder’s Ferrari Accident, A Paul Walker Porsche Crash Reminderകാലിഫോർണിയ: ലോകപ്രശസ്തമായ ‘കോൾ ഓഫ് ഡ്യൂട്ടി’ വീഡിയോ ഗെയിം പരമ്പരയുടെ സഹ സ്രഷ്ടാവ് വിൻസ് സാമ്പെല്ല (55) അന്തരിച്ചു. കാലിഫോർണിയയിൽ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. വിൻസിന്റെ ഉടമസ്ഥതയിലുള്ള റെസ്‌പോൺ എന്റർടൈൻമെന്റിന്റെ മാതൃകമ്പനിയായ ഇലക്ട്രോണിക് ആർട്‌സ് മരണവാർത്ത സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോസ് ഏഞ്ചൽസിന് വടക്കുള്ള ഏഞ്ചൽസ് ക്രെസ്റ്റ് ഹൈവേയിലാണ് അപകടമുണ്ടായത്. വിൻസും മറ്റൊരാളും സഞ്ചരിച്ചിരുന്ന ഫെരാരി കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയും ഉടൻ തന്നെ തീപിടിക്കുകയും ചെയ്തു.
ടണലിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. വിൻസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണ നിലയിലായിരുന്നു, ഇയാളും പിന്നീട് മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. കാലിഫോർണിയ ഹൈവേ പട്രോൾ (CHP) സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വീഡിയോ ഗെയിം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് വിൻസ് സാമ്പെല്ല. ഇൻഫിനിറ്റി വാർഡ് എന്ന സ്റ്റുഡിയോയിലൂടെ ‘കോൾ ഓഫ് ഡ്യൂട്ടി’ പുറത്തിറക്കിയ അദ്ദേഹം പിന്നീട് റെസ്‌പോൺ എന്റർടൈൻമെന്റ് സ്ഥാപിച്ച് ‘ടൈറ്റൻഫാൾ’ , ‘അപെക്സ് ലെജൻഡ്സ്’ തുടങ്ങിയ ഹിറ്റ് ഗെയിമുകൾക്ക് പിന്നിലും പ്രവർത്തിച്ചു. അടുത്തിടെ ‘ബാറ്റിൽഫീൽഡ്’ സീരീസിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു.
പോൾ വാക്കറുടെ മരണത്തെ അനുസ്മരിപ്പിച്ച ദുരന്തം
2013-ൽ ഹോളിവുഡ് താരം പോൾ വാക്കർ കൊല്ലപ്പെട്ട കാറപകടത്തിന് സമാനമായ രീതിയിലാണ് വിൻസിന്റെ മരണവുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പോൾ വാക്കറും ഒരു സുഹൃത്തിനൊപ്പം പോർഷെ കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടതും വാഹനം കത്തി നശിച്ചതും. വിൻസിന്റെ അപകടത്തിലും സ്പോർട്സ് കാർ നിയന്ത്രണം വിട്ട് കത്തിയമരുകയായിരുന്നു.















