
വാഷിംഗ്ടണ്‍ : യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പൗരത്വം കണക്കിലെടുക്കാതെ പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ രീതി നിര്‍ത്തലാക്കാന്‍ നിര്‍ണായക നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ട്രംപ് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കാനാണ് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ വിഷയം ജഡ്ജിമാരുടെ മുമ്പാകെ അവതരിപ്പിച്ചത്.
14-ാം ഭേദഗതി അമേരിക്കയില്‍ ജനിച്ചവര്‍ക്ക് പൗരത്വം നല്‍കുന്നുവെന്ന് ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന രീതിയായിരുന്നിട്ടും ട്രംപ് ഭരണകൂടം ഈ ആശയം തെറ്റാണെന്ന് വാദിക്കുന്നു. ഈ ആശയം ‘തെറ്റായി’ കണക്കാക്കപ്പെട്ടിരുന്നുവെന്നും സുപ്രീം കോടതിക്ക് നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘കീഴിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ പ്രസിഡന്റിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും പ്രധാന പ്രാധാന്യമുള്ള ഒരു നയത്തെ നമ്മുടെ അതിര്‍ത്തി സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ അസാധുവാക്കി,’ ഭരണകൂടത്തിന്റെ ഉന്നത അപ്പീല്‍ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ ഡി. ജോണ്‍ സോവര്‍ അപ്പീലില്‍ പറഞ്ഞു. ‘നിയമപരമായ ന്യായീകരണമില്ലാതെ, ലക്ഷക്കണക്കിന് യോഗ്യതയില്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന്റെ പ്രത്യേകാവകാശം ആ തീരുമാനങ്ങള്‍ നല്‍കുന്നു.’- അദ്ദേഹം കുറ്റപ്പെടുത്തി.
യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആര്‍ക്കും അവിടെ പൗരത്വത്തിന് അവകാശമുണ്ട്. 1868 ല്‍ ഈ വ്യവസ്ഥ കൊണ്ടുവന്നത് അടിമകളുടെ മക്കള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുകയും അതിനെ കോടതി അനുകൂലിക്കുകയും ചെയ്തപ്പോഴാണ്. പിന്നീട്, ചൈനയില്‍നിന്നും മറ്റുമുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ നിയമത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചു. കുടിയേറ്റക്കാര്‍ക്കു ജനിക്കുന്ന മക്കള്‍ക്ക് പൗരത്വം നല്‍കില്ലെന്നായി. എന്നാല്‍, സുപ്രീം കോടതി ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല, യുഎസില്‍ ജനിച്ചവര്‍ക്ക് യുഎസ് പൗരത്വത്തിന് അവകാശമുണ്ടെന്നു വിധിക്കുകയും ചെയ്തു. ഇത് തിരുത്തിക്കുറിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.















