
ഒട്ടാവ: യുഎസ് സന്ദർശിക്കുന്നവര്‍ക്ക് രജിസ്ട്രേഷൻ നിയമം ഉൾപ്പെടുത്തി യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കാനഡ. 30 ദിവസത്തിൽ കൂടുതൽ അമേരിക്കയിൽ താമസിക്കുന്ന കാനഡക്കാർ യുഎസ് സർക്കാരിൽ രജിസ്റ്റർ ചെയ്യണം എന്നാണ് പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ നിയമം മറ്റ് വിദേശ പൗരന്മാർക്കും ബാധകമാണ്.
രജിസ്ട്രേഷൻ ആവശ്യകത പാലിക്കാത്തത് പിഴ, ലഘുവായ ക്രിമിനൽ നടപടികൾ എന്നിവയ്ക്ക് കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്. രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് അറിയാൻ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെബ്സൈറ്റ് കാനഡക്കാര്‍ സന്ദര്‍ശിക്കണം. ഈ നിയമം ഏപ്രിൽ 11ന് പ്രാബല്യത്തിൽ വരും.
ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ആദ്യ ദിവസം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡര്‍ ആണ് ഇങ്ങനെയൊരു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണം. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന്റെ ഭാഗങ്ങൾ പൗരന്മാരല്ലാത്തവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.











