
ന്യൂഡൽഹി : പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ നിരവധി ലോക നേതാക്കൾ നീക്കം നടത്തുന്നതിനിടെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ഓസ്ട്രേലിയയും യുകെയും. ഈ ആഴ്ച യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനം. യുഎൻ പൊതുസഭയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളും പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
പലസ്തീന്റെ ഭാവിയിൽ ഹമാസിന് ഒരു പങ്കും ഉണ്ടായിരിക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത്. എല്ലാ ബന്ദികളെയും ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുന്നതിനായി, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംഗ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു,” കെയർ സ്റ്റാർമർ പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിൻറെയും എതിർപ്പ് വകവയ്ക്കാതെ, കാനഡയും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. സമാധാനപരമായ സഹവർത്തിത്വവും ഹമാസിന്റെ അന്ത്യവും ആഗ്രഹിക്കുന്നവരാണ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്നും ഇസ്രായേൽ രാഷ്ട്രത്തിനും അതിന്റെ ജനങ്ങൾക്കും അവരുടെ സുരക്ഷയ്ക്കും കാനഡ നൽകുന്ന ഉറച്ച പിന്തുണയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
എന്നാൽ, അമേരിക്കയും ഇസ്രായേലും തീരുമാനത്തെ നിശിതമായി വിമർശിച്ചു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തിനായി പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ന്യൂയോർക്കിൽ എത്തിയപ്പോഴായിരുന്നു ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം.
എതിർക്കുമെന്ന് നെതന്യാഹു
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകി.
“നമ്മുടെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്നതും ഭീകരതയ്ക്കുള്ള അസംബന്ധ പ്രതിഫലമായി വർത്തിക്കുന്നതുമായ പലസ്തീൻ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങൾക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നമുക്ക് നേരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയും പലസ്തീൻ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങൾക്കെതിരെയും നമ്മൾ പോരാടേണ്ടതുണ്ട്,” നെതന്യാഹു തന്റെ മന്ത്രിസഭയോട് പറഞ്ഞു. ഹിസ്ബുള്ളയ്‌ക്കെതിരായി ലെബനനിൽ ഇസ്രായേൽ അടുത്തിടെ നേടിയ സൈനിക വിജയങ്ങൾ ലെബനനുമായും സിറിയയുമായും സമാധാനത്തിനുള്ള സാധ്യതകൾ തുറന്നിട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ സിറിയക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട് — ചില പുരോഗതികൾ ഉണ്ട്, പക്ഷേ അത് ഇപ്പോഴും വളരെ അകലെയാണ്.”- നെതന്യാഹു പറഞ്ഞു.