
വാഷിംഗ്ടണ്‍ : അമേരിക്കയുടെ തീരുവ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. കാനഡയുടെ തീരുവ നിരക്ക് 25% ല്‍ നിന്ന് 35% ആയി ഉയര്‍ത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
കാനഡയുടെ ‘തുടര്‍ച്ചയായ നിഷ്‌ക്രിയത്വത്തിന്റെയും പ്രതികാരത്തിന്റെയും’ ഫലമായാണ് ഈ വര്‍ധനവ് ഉണ്ടായതെന്നാണ് വൈറ്റ് ഹൗസിന്റെ വിശീകരണം. ഓഗസ്റ്റ് 1 ലെ തിരുവ സമയപരിധിക്ക് മുമ്പായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എത്തിയെങ്കിലും ഇരുവരും തമ്മില്‍ ഒരു സംഭാഷണവും നടന്നില്ലെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുവ പ്രഖ്യാപനം വന്നിരിക്കുന്നത്.
വെള്ളിയാഴ്ചയ്ക്ക് മുമ്പ് യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാത്ത ഏതൊരു രാജ്യത്തിന്റെയും സാധനങ്ങള്‍ക്ക് കൂടുതല്‍ താരിഫ് ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. പുതിയ താരിഫുകള്‍ ഒഴിവാക്കാന്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്ന സാധനങ്ങള്‍ക്ക് 40% ട്രാന്‍സ്ഷിപ്പ്‌മെന്റ് തീരുവ ബാധകമാകുമെന്ന് വൈറ്റ് ഹൗസ് ഫാക്റ്റ് ഷീറ്റ് പറയുന്നു.
അതേസമയം, പുതിയ തീരുവ നിരക്കുകള്‍ ഏര്‍പ്പെടുത്തിയ 70 ലധികം രാജ്യങ്ങള്‍ക്ക്, ഏഴ് ദിവസത്തിനുള്ളില്‍ അവ പ്രാബല്യത്തില്‍ വരും. ട്രംപിന്റെ പുതിയ താരിഫുകള്‍ ഏഷ്യന്‍ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 1 നുമുമ്പായി അമേരിക്കയുമായി വ്യാപാര കരാറുകളില്‍ എത്താനാകാതിരുന്ന രാജ്യങ്ങളുടെ ഇറക്കുമതി തീരുവ നിരക്ക് കുത്തനെ കൂട്ടുകയാണ് ട്രംപ് ഭരണകൂടം.
ഏഷ്യയിലെ രണ്ട് പ്രധാന വ്യാപാര പങ്കാളികളായ ഇന്ത്യയും തായ്വാനും യഥാക്രമം 25% ഉം 20% ഉം തീരുവകളാണ് അമേരിക്കയ്ക്ക് നല്‍കേണ്ടത്. ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളുമാണ് ട്രംപ് ചുമത്തുന്നത്.
ഇന്ത്യ എക്കാലത്തും സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്ന് വാങ്ങുന്നു. റഷ്യ യുക്രെയ്‌നിലെ കൊലപാതകങ്ങള്‍ നിര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25% താരിഫും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പിഴയും നല്‍കേണ്ടി വരുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ഇക്കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.