ഒരിഞ്ച് പോലും പിന്നോട്ടില്ല, ചാർലി കിർക്കിന്‍റെ മരണത്തിലെ സംശയങ്ങൾ ആവർത്തിച്ച് കാൻഡസ് ഓവൻസ്; ‘കൊലയിൽ ഇസ്രയേലിനും പങ്ക്’

വാഷിംഗ്ടൺ: പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയ നിരീക്ഷകയും പോഡ്‌കാസ്റ്ററുമായ കാൻഡസ് ഓവൻസ്, അന്തരിച്ച ചാർലി കിർക്കിന്‍റെ മരണവുമായി ബന്ധപ്പെട്ട തന്‍റെ വിവാദപരമായ നിലപാടുകൾ വീണ്ടും ആവർത്തിച്ചു. ചാർലി കിർക്കിന്‍റെ ഭാര്യ എറിക്ക കിർക്കുമായി നാലര മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുറത്തിറക്കിയ ആദ്യ പോഡ്‌കാസ്റ്റ് എപ്പിസോഡിലാണ് ഓവൻസ് തന്റെ സംശയങ്ങൾ വെളിപ്പെടുത്തിയത്. ചാർലി കിർക്കിന്റെ കൊലപാതകത്തിൽ നിലവിൽ പ്രതിചേർക്കപ്പെട്ട വ്യക്തിക്ക് മാത്രമാണ് ഇതിൽ പങ്കുള്ളതെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് ഓവൻസ് വ്യക്തമാക്കി.

ചാർലി കിർക്കിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ എറിക്ക കിർക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, ഓവൻസിനെ തന്‍റെ നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചിട്ടില്ല. കിർക്ക് സഹസ്ഥാപകനായ ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന സംഘടനയിലെ ചില ജീവനക്കാരെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷവും മാറിയിട്ടില്ലെന്ന് ഓവൻസ് തുറന്നടിച്ചു. കൂടാതെ, ഈ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലിന് പങ്കുണ്ടെന്ന രീതിയിലുള്ള ഗുരുതരമായ ആരോപണങ്ങളും അവർ ഉന്നയിച്ചു. എന്നാൽ ഇസ്രായേൽ ഔദ്യോഗികമായി ഈ വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഓവൻസിന്റെ ഇത്തരം പ്രസ്താവനകൾ ജൂതവിരുദ്ധത വളർത്തുന്നതാണെന്ന വിമർശനവും ശക്തമാണ്.

സെപ്റ്റംബർ 10-ന് നടന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിന് ശേഷം ഓവൻസ് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ അമേരിക്കയിലെ തീവ്ര വലതുപക്ഷ സ്വാധീനശക്തികൾക്കിടയിൽ വലിയ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരായ ടക്കർ കാൾസൺ, മെഗിൻ കെല്ലി എന്നിവർ ഓവൻസിനെ ഒരു പരിധിവരെ പിന്തുണയ്ക്കുമ്പോൾ, ബെൻ ഷാപ്പിറോ, ടിം പൂൾ തുടങ്ങിയവർ ഓവൻസിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. ഓവൻസിന്റേത് തിന്മ നിറഞ്ഞ പ്രവർത്തികളാണെന്നും അവർ വെറും സ്വയംസ്നേഹിയാണെന്നുമാണ് വിമർശകരുടെ പക്ഷം. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് ഈ തർക്കങ്ങൾ വഴിയൊരുക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide