
കൊച്ചി: അനധികൃത വാടക ഗർഭധാരണ ചികിത്സ നടത്തിയ മാമാ മിയ” എന്ന സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്. പ്രതിഫലം വാഗ്ദാനം ചെയ്ത് അന്യായമായി സ്ത്രീകളെ തടങ്കലിൽ പാർപ്പിച്ചെന്നും അനധികൃതമായി അണ്ഡശേഖരണവും ഗർഭധാരണവും നടത്തി പണം സമ്പാദിച്ചുവെന്നുമാണ് കേസ്.
നിയമപരമായി നേടിയ ലൈസൻസ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ മാമാ മിയ സ്ഥാപനത്തിനെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടുണ്ട്. മാമാ മിയ സ്ഥാപനം നിയമവിരുദ്ധമായ പരസ്യങ്ങളിലൂടെയാണ് ഇരകളെ വീഴ്ത്തിയത്. സർക്കാർ നിയമം വഴി കർശനമായി സറഗേറ്റ് അമ്മയാവാൻ സ്ത്രീകളെ ക്ഷണിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും മറ്റും നിരോധിച്ചിട്ടുണ്ട്.
എന്നാൽ ഇൻസ്റ്റഗ്രാമിൽ അടക്കം ഇതു സംബന്ധിച്ച് സ്ഥാപനം പരസ്യം നൽകിയിരുന്നു. വിഷയത്തിൽ രാജ്യത്ത് പണം നൽകിയുള്ള വാടക ഗർഭധാരണം നിരോധിച്ചിരിക്കുന്നുവെന്നും ലൈസൻസില്ലാത്ത സ്ഥാപനം വാടക ഗർഭധാരണം നടത്തിയാൽ 10 വർഷം തടവും 10 ലക്ഷം രൂപ പിഴയുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.