
ഒഡീഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണെന്നും ക്രൈസ്തവർ ഭയത്തിലാണ് കഴിയുന്നതെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ജാലേശ്വറിൽ മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടത്. മരിച്ചുപോയ പ്രാദേശിക ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർഥനയ്ക്കും കുർബാനയ്ക്കും പോയി മടങ്ങിയവരെ 70ഓളം പേരടങ്ങുന്ന സംഘം മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ എല്ലാ മതങ്ങളിലുമുണ്ട്. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാഹോദര്യത്തോടെ ഒരുമിച്ച് ജീവിക്കാൻ നടപടി ഉണ്ടാവേണ്ടത് സര്‍ക്കാരുകളുടെ ഭാഗത്തു നിന്നാണ്. ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ഇതാണ് സഭ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
CBCI condemns attack on Malayali priests and nuns in Odisha