ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (എംജിഎൻആർഇജിഎ) പകരം വരുന്ന വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബില്ലിനെതിരെ (വിബി-ജി റാം ജി ബിൽ) രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണെന്നും ഇത് ഒരു കരിനിയമമാണെന്നും അവർ ആരോപിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായി ബിൽ പാസാക്കിയത് ഗ്രാമീണ ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും കോവിഡ് കാലത്ത് പാവങ്ങൾക്ക് ആശ്വാസമായിരുന്ന ഈ പദ്ധതിയെ ഇപ്പോൾ പൂർണമായി മാറ്റിയെടുത്തുവെന്നും സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിനൊപ്പം പദ്ധതിയുടെ രൂപവും ഭാവവും ഏകപക്ഷീയമായി മാറ്റി. ഇനി തൊഴിൽ ആർക്ക്, എത്ര, എവിടെ, ഏത് തരം എന്നിവ ഡൽഹിയിലിരുന്ന് സർക്കാർ തീരുമാനിക്കുമെന്നും അവർ വിമർശിച്ചു.
ഈ കരിനിയമത്തിനെതിരെ പോരാടാൻ താനും കോൺഗ്രസും പ്രതിജ്ഞാബദ്ധരാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഈ നിയമത്തെ ചെറുക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. 20 വർഷം മുമ്പ് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ സമവായത്തോടെ പാസാക്കിയ തൊഴിലുറപ്പ് നിയമം ഗ്രാമസ്വരാജ് സ്വപ്നത്തിന്റെ ഭാഗമായിരുന്നുവെന്നും ഇപ്പോൾ അത് തകർക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.













