
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ചുമത്തിയ 50 ശതമാനം അധികത്തീരുവ പ്രാബല്യത്തിൽ വന്നതോടെ യുഎസ് വിപണിക്ക് ബദൽ കണ്ടെത്താൻ നീക്കം ശക്തമാക്കി കേന്ദ്രം. യുഎസ് തീരുവ വർധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്‌ടം ഏകദേശം 4800 കോടി ഡോളർ ( 4.21 ലക്ഷം കോടി രൂപ) ആണ്. വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്ന വിപണി വർധിപ്പിച്ച് വൈവിധ്യവത്കരിക്കാനാണ് നിലവിൽ തീരുമാനം. ഇതിനായി 40 രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തി. കേന്ദ്ര വ്യാപാര മന്ത്രാലയം ഈ പ്രതിസന്ധി പരിഹരിക്കാനായി വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്‌ദരുമായും കഴിഞ്ഞ 72 മണിക്കൂറുകളായി നടത്തുന്ന ചർച്ചകൾ തുടരുകയാണ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താൻ യുകെ, ദക്ഷിണ കൊറിയ, ജപ്പാൻ, മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയവരുമായാണ് ചർച്ചകൾ നടത്തുന്നത്. ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിലവസരം നൽകുന്ന മേഖലയായ ഇന്ത്യയുടെ വസ്ത്രോത്പന്നങ്ങളുടെ കയറ്റുമതിക്കാണ് മുഖ്യപ്രാധാന്യം നൽകുന്നത്. നിലവിൽ 200 രാജ്യങ്ങളിലേക്ക് ഇന്ത്യ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അതിൽ ഈ പറഞ്ഞ 40 രാജ്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
59000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവർഷം ഈ 4 രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകൾ. നിലവിൽ, ഈ രാജ്യങ്ങളിൽ ഇന്ത്യൻ നിർമിത വസ്ത്രങ്ങൾക്കുള്ള വിപണി വിഹിതം ഏകദേശം ആറ് ശതമാനം മാത്രമാണ്. ഇത് വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ ചെമ്മീൻ, തോൽ ഉത്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും നീക്കമുണ്ട്. യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നീ മേഖലകൾക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ശ്രമമുണ്ട്.
കൂടാതെ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം, യു.എസിലേക്കുള്ള ആകെ കയറ്റുമതിയുടെ 30.2 ശതമാനം ഉത്പന്നങ്ങൾക്ക് നിലവിൽ നികുതി ചുമത്തിയിട്ടില്ല. മരുന്ന്, മരുന്ന് നിർമാണ ഘടകങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട ഉത്പന്നങ്ങളെ യു.എസ് നികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.