
കോട്ടയം: സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് സമാശ്വാസം പകരുന്ന മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് ഫോമാ കേരള കണ്‍വന്‍ഷന്റെ ഹൈലൈറ്റ് എന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാനും ഷിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് തിളങ്ങുന്ന പൊതുപ്രവര്‍ത്തകനുമായ പീറ്റര്‍ കുളങ്ങര പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങള്‍ മൂലം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സാമ്പത്തിക പാരാധീനതയനുഭവിക്കുന്നവര്‍ക്കുമെല്ലാം കൈത്താങ്ങാവുന്ന പദ്ധതികളാണ് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനുവരി 3 മുതല്‍ 11 വരെ നടക്കുന്ന വിവിധ യോഗങ്ങളില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തില്‍ മാറ്റം വരുത്താനും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫോമാ കേരള കണ്‍വന്‍ഷനില്‍ ചാരിറ്റിക്ക് ഊന്നല്‍ നല്‍കുന്നത്. ഭൗതികമായ സഹായങ്ങള്‍ നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള പരിപാടികളും ഇക്കൂട്ടത്തിലുണ്ട്. ജനുവരി 3-ാം തീയതി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ഇത്തരത്തിലൊന്നാണെന്നും ഇതില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികില്‍സ ഉറപ്പാക്കുമെന്നും പീറ്റര്‍ കുളങ്ങര വ്യക്തമാക്കി.
ജനുവരി 5-ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പിറവത്ത് ഫോമാ നടത്തുന്ന ‘അമ്മയോടൊപ്പം’ പരിപാടിയില്‍ 750 നിര്‍ധന വിധവകളായ അമ്മമാര്‍ക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും വസ്ത്രവും മെഡിക്കല്‍ കിറ്റും നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ്. കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസില്‍ നക്ഷത്ര ഹോട്ടലില്‍ ജനുവരി 9-ാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ഫോമാ കേരള കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിന് ശേഷം പീറ്റര്‍ കുളങ്ങര നേതൃത്വം വഹിക്കുന്ന ഹാന്‍ഡിക്യാപ്ഡ് എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മിഡ് വെസ്റ്റ് മലയാളി അസോസിയയേഷനും ചിക്കാഗോ സോഷ്യല്‍ ക്ലബുമായി സഹകരിച്ച് ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും മുച്ചക്ര സ്‌കൂട്ടറും അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ബധിര വിദ്യാര്‍ത്ഥിനികള്‍ക്ക് ടാബ്‌ലറ്റും നല്‍കും.
ജന്മനാടിനോടുള്ള ആദരവിന്റെ കാഹളം മുഴങ്ങുന്ന സമ്മേളനത്തില്‍ ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും. കേഴ്‌വി പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണ സഹായിയും നല്‍കും. സ്വയം തൊഴില്‍ ശാക്തീകരണത്തിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍, എംബ്രോയ്ഡറി മെഷീന്‍, ചങ്ങനാശേരിക്ക് സമീപം കറുകച്ചാലിലുള്ള ഒരു അനാഥ മന്ദിരത്തിന് തയ്യല്‍ മെഷീനുകള്‍ എന്നിവ മന്ത്രിമാരായ വി.എന്‍ വാസവനും റോഷി അഗസ്റ്റിനും ചേര്‍ന്ന് നിര്‍വഹിക്കും.
അമേരിക്കയിലേയ്ക്കുള്ള ആര്‍.എന്‍ മൈഗ്രന്റ്‌സിനും യു.എസ് സ്റ്റുഡന്റ് വിസ തേടുന്നവര്‍ക്കുമുള്ള കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, യു.കെ നേഴ്‌സിങ് മൈഗ്രേഷന്‍ സെമിനാര്‍ തുടങ്ങിയവയും കണ്‍വന്‍ഷന്റെ പുതുമകളാണ്. ഏലൂര്‍ കണ്‍ള്‍ട്ടന്‍സി യു.കെ മൈഗ്രേഷനും ലോസണ്‍ ട്രാവല്‍സ് യു.എസ് സ്റ്റുഡന്റ് വിസ സംബന്ധിച്ചുനമുള്ള സെമിനാറും നയിക്കുമെന്ന് കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ പങ്കാളിത്തമുണ്ടാവുമെന്ന് പീറ്റര്‍ കുളങ്ങര പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തും. മലയാള സിനിമ-ടെലിവിഷന്‍ നടനും നിര്‍മാതാവും അന്തരിച്ച ജോസ് പ്രകാശിന്റെ സഹോദരനുമായ പ്രേം പ്രകാശിനെ, അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് പൊന്നാടയണിയിക്കും.
ജനുവരി 9-ാം തീയതി വൈകുന്നേരത്തെ പൊതുസമ്മേളനത്തിന് ശേഷം രാത്രി, 2008-ല്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ടൈറ്റില്‍ വിജയിയായ പ്രശസ്ത ഗായകന്‍ വിവേകാനന്ദനും അഖില ആനന്ദും ടീമും അവതരിപ്പിക്കുന്ന ഗാനമേളയും പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റ് സുധീര്‍ പറവൂരിന്റെ കോമഡി ഷോയും കണ്‍വന്‍ഷന്റെ എന്റര്‍റ്റൈന്‍മെന്റ് ഹൈലൈറ്റാണ്. വേമ്പനാട്ട് കായലിലൂടെയുള്ള ആഘോഷമായ ഹൗസ് ബോട്ട് സഞ്ചാരവും എറണാകുളത്തെ ബിസിനസ് മീറ്റും അവിസ്മരണീയമാവുമെന്നും പീറ്റര്‍ കുളങ്ങര പറഞ്ഞു.
Charity’s Greatness Reflected at Fomaa Kerala Convention 2026 – Peter Kulangara










