
ന്യൂയോര്‍ക്ക് : തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ് ജിപിടിയാണെന്നാരോപിച്ച് ഓപ്പണ്‍ എഐക്കെതിരെ മാതാപിതാക്കള്‍ കോടതിയില്‍. യുഎസില്‍ പതിനാറുകാരന്‍ ജീവനൊടുക്കിയതിനു കാരണം നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയാണെന്നാണ് കേസില്‍ പറയുന്നത്. ഓപ്പണ്‍ എഐ സിഇഒ സാം ഓല്‍ട്ട്മാനാണു മുഖ്യപ്രതി.
ഏപ്രിലില്‍ ജീവനൊടുക്കിയ ആദം റെയ്ന്‍ എന്ന കൗമാരക്കാരന്‍ ചാറ്റ് ജിപിടിയുമായി നടത്തിയ ചാറ്റുകള്‍ മാതാപിതാക്കള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. ചാറ്റ് ജിപിടിയാണ് കുട്ടിയെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പഠനത്തിന് സഹായകമെന്ന നിലയിലാണ് ആദം ചാറ്റ്ജിപിടി ഉപയോഗിച്ചു തുടങ്ങിയത്. ചാറ്റ്‌ബോട്ടുമായി ആഴത്തില്‍ സൗഹൃദം സ്ഥാപിച്ചതോടെ ആത്മഹത്യയെപ്പറ്റി ചര്‍ച്ച ചെയ്തു തുടങ്ങി. കുട്ടിയെ തടയുന്നതിനു പകരം ചാറ്റ്‌ബോട്ട് ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിനുശേഷം മാതാപിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു ചാറ്റുകള്‍ കണ്ടത്.