
വാഷിംഗ്ടൺ: യുഎസില്‍ ചാറ്റ്ജിപിടിയോട് ഭക്ഷണത്തില്‍ നിന്ന് ഉപ്പ് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഉപദേശം ചോദിച്ച 60 കാരന് അപൂർവ്വ രോഗം ബാധിച്ചു. അപൂര്‍വ്വമായ ‘ബ്രോമൈഡ് ‘വിഷബാധയാണ് ഇയാൾക്ക് പിടിപെട്ടത്. സോഡിയം ക്ലോറൈഡ് അഥവാ ഉപ്പിന്റെ ദോഷവശങ്ങളെക്കുറിച്ച് എവിടെയോ വായിക്കുകയും തന്റെ ഭക്ഷണത്തില്‍ നിന്ന് ഉപ്പ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഇയാൾ ചാട്ട്‌ബോട്ടിനോട് ചോദിക്കുകയായിരുന്നു.
ചാട്ട്‌ബോട്ടിൻ്റെ നിർദേശ പ്രകാരം ഇയാൾ പിന്നീട് സോഡിയം ക്ലോറൈഡിന് പകരം സോഡിയം ബ്രോമൈഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മൂന്ന് മാസം കഴിക്കുകയും ചെയ്തു. തുടർന്ന് ദാഹമുണ്ടായിട്ടും വെള്ളംകുടിക്കാന്‍ സാധിക്കാതെ വന്ന് ആരോഗ്യം മോശമായപ്പോഴാണ് ഇയാള്‍ വൈദ്യസഹായം തേടിയത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളും ക്ഷീണവും ഉറക്കമില്ലായ്മയും അടക്കം പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇയാള്‍ സുഖം പ്രാപിച്ചു.
‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ ൽ വന്ന ലേഖനത്തില്‍ പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാധാരണയായി കണ്ടുവന്നിരുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ ഒന്നാണ് ബ്രോമിസം എന്നാണ്. അക്കാലത്ത് 10 ല്‍ ഒരാള്‍ക്ക് വന്നിരുന്ന ഒരു മാനസിക രോഗമായിരുന്നു ഇത്. മനുഷ്യനില്‍ ബ്രോമൈഡ് വിഷബാധ ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണെന്നാണ് ലേഖനത്തിൽ പറയുന്നത്.