ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമൻസ് ആവിയായതിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ ബന്ധം, ശിവശങ്കറിനെ ബലി കൊടുത്ത് മറ്റുള്ളവരെ രക്ഷിച്ചു: ചെന്നിത്തല

തിരുവനന്തപുരം: ലൈഫ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമന്‍സ് ആവിയായി പോയതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി അയച്ച സമന്‍സ് പ്രകാരം ഹാജരാകാതിരുന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാകും എന്നു നമുക്കറിയാം. ഇവിടെ പലരുടെയും കേസില്‍ നമ്മളത് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചിട്ട് ഹാജരാകാതിരുന്നിട്ടും തുടര്‍നടപടി ഉണ്ടായില്ല. എത്ര അത്ഭുതകരമാണത്. ഒരാള്‍ക്ക് മാത്രം പ്രിവിലേജ്. ഈ പ്രിവിലേജിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കെമിസ്ട്രിയുടെ ഫലമാണ് എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ട. എന്തിനാണ് മുഖ്യമന്ത്രി അടക്കടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നത് എന്നറിയാന്‍ പ്രശ്‌നം വെച്ചു നോക്കുകയും വേണ്ട.

ഈ സിപിഎം – ബിജെപി അവിശുദ്ധ ബന്ധത്തെപ്പറ്റി ഞങ്ങള്‍ കാലങ്ങളായി പറയുന്നു. ഇപ്പോള്‍ സമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകാവുന്ന സംഗതികളേയുള്ളു. ലൈഫ് മിഷനില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു. അതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു. മുഖ്യമന്ത്രിയുടെ മകനടക്കം അതില്‍ പങ്കാളികളായിരുന്നു എന്ന് ഇഡിയുടെ സമന്‍സില്‍ നിന്ന് മനസിലാകുന്നു. ലൈഫ് മിഷന്‍ അഴിമതിയെപ്പറ്റി വടക്കാഞ്ചേരി എംഎല്‍എ ആയിരുന്ന അനില്‍ അക്കര നിയമസഭയ്ക്കകത്തും പുറത്തും നിരവധിവട്ടം ഉന്നയിച്ചതാണ്. പ്രതിപക്ഷ നേതാവായിരിക്കെ താന്‍ ഇത് നിരവധി പത്രസമ്മേളനങ്ങളില്‍ പറഞ്ഞതാണ്. പക്ഷേ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടില്‍ സ്വര്‍ണക്കടത്ത് കേസും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ആവിയായി പോയി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ അറസ്റ്റോടെ ആ കേസ് അവസാനിച്ചു. പിന്നെ ആരെയും ചോദ്യം ചെയ്തില്ല. പിന്നെ ഒരന്വേഷണവും ഉണ്ടായില്ല. കാരണം എല്ലാം അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു. കാലാളെ ബലി കൊടുത്ത് രാജ്ഞിയെയും രാജാവിനെയും രക്ഷിച്ചു എന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്.

രാജ്യാന്തര ബന്ധങ്ങളുള്ള സ്വര്‍ണകള്ളക്കടത്ത് കേസാണ് എവിടെയും എത്താതെ അവസാനിച്ചത്. ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റാണ്. ഇതിനു പിന്നിലുള്ള യഥാര്‍ഥ രാഷ്ട്രീയക്കളി ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി വരുന്നു – ചെന്നിത്തല പറഞ്ഞു.

പേരാമ്പ്രയില്‍ രണ്ടു ജാഥകളും ഒരു വഴിക്കു വരാന്‍ പാകത്തിന് അനുമതി നല്‍കി സംഘര്‍ഷ സാഹചര്യമുണ്ടാക്കിയത് പോലീസ് ആണ്. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. അങ്ങനെ ജാഥ വരുമ്പോള്‍ ഒരു കൂട്ടര്‍ക്കു മാത്രം പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്നത് എങ്ങനെയാണ്. എംപിയായ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ ഷാഫി പറമ്പില്‍ ക്രൂരമര്‍ദ്ദനത്തിന്റഎ ഫലമായി മൂക്കില്‍ ഓപ്പറേഷന്‍ നടത്തി ആശുപത്രിയിലാണ്. അതിഭീകരമായ പോലീസ് മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ നടുക്കമുളവാക്കുന്നു. കോണ്‍ഗ്രസ് പ്രാദേശികനേതാവായ നിയാസിന്റെ തലയും മുഖവും അടിച്ചു തകര്‍ത്തവര്‍ നിയമപാലകരല്ല, കാക്കിയിട്ട ക്രിമിനലുകളാണ്. ഡിസിസി ജനറല്‍ സെക്രട്ടറി പികെ. രാകേഷ്, അഷറഫ് തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഈ ക്രൂരമര്‍ദ്ദനം നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷ നല്‍കണം. ഇത്രയേറെ കോണ്‍ഗ്രസ്‌കാരെ മര്‍ദ്ദിച്ചിട്ട് ലാത്്തിച്ചാര്‍ജ് ഉണ്ടായില്ല എന്ന് ഒരുളുപ്പുമില്ലാതെ എങ്ങനെയാണ് സ്ഥലത്തെ പോലീസ് മേധാവിക്ക് പറയാന്‍ സാധിക്കുന്നത്. ഷാഫി പറമ്പിലിനെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഞങ്ങള്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പോലീസിലെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

കഴിഞ്ഞ പത്ത് വര്‍ഷമായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുമാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മുഴുവന്‍ കള്ളന്‍മാരെയും പിടികൂടണം. ശബരിമലയിലെ സ്വര്‍ണവും രുദ്രാക്ഷവും യോഗദണ്ഡും ഒക്കെ അടിച്ചു മാറ്റിയിരിക്കുകയാണ്. എന്നിട്ട് ഈ സര്‍ക്കാര്‍ കള്ളന്മാരെ സംരക്ഷിക്കുന്നു. എന്നിട്ടു പറയുന്നു യുഡിഎഫിനാണ് കുഴപ്പമെന്ന്. 2016 മുതല്‍ കേരളം ഭരിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ് എന്ന കാര്യം ചിലപ്പോഴൊക്കെ അവര്‍ തന്നെ മറന്നു പോവുകയാണ്.

ശബരിമലയിലെ സ്വര്‍ണമോഷണം മൊത്തം ഒരു ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ അവസാനിക്കാന്‍ പാടില്ല. അയാളെ ബലിയാടാക്കി വലിയ കള്ളന്മാര്‍ രക്ഷപ്പെട്ടു കൂടാ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്‍ സ്രാവുകളെ പുറത്തു കൊണ്ടുവരണം. അറസ്റ്റ് ചെയ്യണം. എങ്ങനെയാണ് ഒരു ഉണ്ണികൃഷ്ണന്‍പോറ്റിക്കു മാത്രമായി ശബരിമലയിലെ സ്വര്‍ണം അടിച്ചു കണ്ടുപോകാന്‍ കഴിയുക. അയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കിക്കൊണ്ടു പോകാന്‍ പറ്റുമോ. അയാള്‍ വിചാരിച്ചാല്‍ വാതില്‍പടി അടിച്ചു കൊണ്ടു പോകാന്‍ പറ്റുമോ. വിയ് മല്യ കൊടുത്ത സ്വര്‍ണം മൊത്തം കൊണ്ടുപോകാന്‍ പറ്റുമോ.. നടക്കില്ല. അപ്പോള്‍ ഇതിനു പിന്നില്‍ മന്ത്രിമാരുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും അംഗങ്ങളുമുണ്ട്. ഇവരെയൊക്കെ ഈ മോഷണക്കേസില്‍ പിടിക്കണം. അയ്യപ്പഭക്തന്മാരെ ഇനി പറ്റിക്കാന്‍ പറ്റില്ല – ചെന്നിത്തല പറഞ്ഞു.

More Stories from this section

family-dental
witywide