

ഷിക്കാഗോ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അഭിപ്രായ ഭിന്നതയും അനൈക്യവും മറന്ന് ഒന്നിച്ചു നിന്നാൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഉറപ്പായും യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ എത്തുമെന്ന് പാലക്കാട് എംപി വി. കെ ശ്രീകണ്ഠൻ.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഷിക്കാഗോ റീജൻ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലിനോയ് മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍(7800 Lyons St.) ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാത്രിയാണ് സ്വീകരണ പരിപാടി നടന്നത്
കോൺഗ്രസ് നേതാക്കൾ യോജിക്കാത്ത പ്രശ്നമൊന്നുമില്ല, പക്ഷേ ഈ അഭിപ്രായ വ്യത്യാസം ചാനലിലും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലും ചർച്ചയാകുന്നത് വടി കൊടുത്ത് അടിമേടിക്കുന്നതു പോലെയാണ്. കോൺഗ്രസിന് ജയിക്കാൻ ഇതുപോലെ മികച്ച ഒരു അവസരം കിട്ടിയെന്നു വരില്ല.
ഒരുമിച്ചു നിന്ന് കഠിനാധ്വാനം ചെയ്താൽ കീഴടക്കാൻ സാധിക്കാത്ത ഒരു ബാലികേറാമലയും ഇല്ല എന്നതിന് ഉദാഹരണമാണ് പാലക്കാട് മണ്ഡലം. കോൺഗ്രസ് നേതാക്കൾക്ക് എല്ലാം പാലക്കാട് മൽസരിക്കാൻ മടിയായിരുന്നു. പക്ഷേ അവിടെയുള്ള സാധാരണക്കാരായ കോൺഗ്രസ് നേതാക്കളുടെ അർപ്പണവും ആത്മാർഥതയും കൂട്ടായ പ്രവർത്തനവുമാണ് എന്നെ വിജയിപ്പിച്ചത്. ഒരു സ്ഥാനവും മോഹിക്കാതെ കോൺഗ്രസ് പാർട്ടിക്കുവേണ്ടി രാപകലെന്യേ പ്രവർത്തിക്കുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരുണ്ട്. അവരാണ് ഈ പാർട്ടിയുടെ അടിത്തറ എന്ന് ആരും മറക്കരുത്. ദേശീയ തലത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞെന്ന് ഡൽഹിയിലെ മീഡിയ മുഴുവൻ എഴുതി. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചു വന്നു. സംഘ പരിവാർ രാഷ്ട്രീയക്കാർ പണം ഒഴുക്കിയിട്ടും തിരഞ്ഞെടുപ്പ് അട്ടിമറികൾ നടത്തിയിട്ടും കോൺഗ്രസ് തിരിച്ചുവന്നു. കാരണം ഭാരതത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. കശ്മീർ മുതൽ കന്യാകുമാരി വരെ അതിൽ വിശ്വ സിക്കുന്നവരുണ്ട്, ഒരു പക്ഷേ ഇത്രവലിയ സ്വാധീനമുള്ള ഒരു പ്രസ്ഥാനം ലോകത്ത് എവിടെയും ഉണ്ടാകില്ല.
സുഷുപ്തിയിൽ കിടക്കുന്ന കോൺഗ്രസിനെ ഉണർത്തി , വെള്ളമൊഴിച്ച് വളർത്തിയാൽ അത് വൻ ശക്തിയായി തിരിച്ചു വരും. ഇന്ന് അവകാശപ്പെടുന്ന സാമ്പത്തിക – സൈനിക ശക്തിയായി ഇന്ത്യ വളർന്നത് മോദിയുടെ മാത്രം കഴിവുകൊണ്ടല്ല, അതിനു മുമ്പ് ഭരിച്ച ക്രാന്തദർശികളായ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ദീർഘവീക്ഷണം കൊണ്ടുകൂടിയാണെന്നും എംപി പറഞ്ഞു. അടുത്തു വരുന്ന തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകളുടെ വിജയത്തിനായി അമേരിക്കയിലുള്ള മലയാളി സുഹൃത്തുകളുടെ എല്ലാ സഹായവും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കേരളത്തിൽ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിന് ഏറ്റവും മികച്ച ഒരു സമയമാണ് സമാഗതമായിരിക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറിയും വികെ ശ്രീകണ്ഠൻ്റെ പത്നിയുമായ കെഎ തുളസി അഭിപ്രായപ്പെട്ടു. പതിവിൽ നിന്ന് വ്ത്യസ്തമായി കോൺഗ്രസ് ക്യാംപിൽ നേരത്തേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒരു തവണ കൂടി കോൺഗ്രസ് തോറ്റാൽ അത് പാർട്ടിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാവുമെന്നും എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് ഒറ്റ മനസ്സോടെ മുന്നേറാൻ എല്ലാ പിന്തുണയും സഹായവും അഭ്യർഥിക്കുന്നതായും തുളസി ടീച്ചർ പറഞ്ഞു. മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ് തുളസി ടീച്ചർ.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം പ്രസിഡൻ്റ് ജോർജ് പണിക്കർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള രാഷ്ട്രീയത്തിലെ പ്രതിഭയാണ് വികെ ശ്രീകണ്ഠനെന്നും സാമൂഹിക നീതി, വിദ്യാഭ്യാസം, യുവജനക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ മുന്നിൽ നിന്നു അർപ്പണമനോഭാവത്തോടെ ആത്മാർഥമായി പ്രവർത്തിക്കുന്ന നേതാവാണ് അദ്ദേഹമെന്നും ജോർജ് പണിക്കർ പറഞ്ഞു.
കേരള ജനത ഉറ്റുനോക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിയെയാണ് , ആ ജനതയുടെ പ്രതീക്ഷകൾ സഫലമാക്കാൻ കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും പ്രയത്നിക്കണമെന്നും പ്രവാസികളായ മലയാളി കോൺഗ്രസ് അനുഭാവികളുടെ പിന്തുണയും സഹായവും എന്നും ഉണ്ടായിരിക്കുമെന്നും ഐഒസി നാഷണൽ ചെയർമാൻ സതീശൻ നായർ പറഞ്ഞു.
പ്രഫ.തമ്പി മാത്യു, ജോർജ് ജോസഫ്, തോമസ് മാത്യു, പോൾ പറമ്പി, എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കൂറ്റ്, സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ജെയ്ബു കുളങ്ങര, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, സന്തോഷ് നായർ, ടോമി അമ്പനാട്ട്,സുശീൽ കുമാർ,ഷിബു, ജോസ് മണക്കാട്ട്, ജോൺസൺ കണ്ണൂക്കാടൻ, ബിജു കൃഷ്ണൻ, ജോസി കുരിശിങ്കൽ, ജോൺസൺ കളരിക്കൽ തുടങ്ങിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Chicago IOC reception for V. K. Sreekandan MP