ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നിയന്ത്രണ നടപടിയെ ചെറുക്കാൻ ഷിക്കാഗോ മേയർ ; ഉത്തരവിൽ ഒപ്പുവച്ചു

ഷിക്കാഗോ: ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുന്ന കുടിയേറ്റ നിയന്ത്രണ നടപടിയെ നഗരം എങ്ങനെ ചെറുക്കുമെന്ന് വിശദീകരിക്കുന്ന ഉത്തരവിൽ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഒപ്പുവച്ചു. ട്രംപിന്റെ സൈനിക ഇടപെടൽ തടയാനായി ഷിക്കാഗോ പ്രൊട്ടക്റ്റിങ് ഇനിഷ്യേറ്റീവ് എന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് മേയർ ഒപ്പിട്ടത്. ട്രംപിന്റെ നിയന്ത്രണാതീതമായ ഭീഷണികളിൽ നിന്നും നടപടികളിൽ നിന്നും നഗരത്തിലെ താമസക്കാരെ സംരക്ഷിക്കുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യമെന്ന് മേയർ അറിയിച്ചു.

നമ്മുടെ നഗരത്തിൽ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ഒരു സൈനിക അധിനിവേശം ഞങ്ങൾക്ക് ആവശ്യമില്ല, ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഡെമോക്രാറ്റായ മേയർ ബ്രാൻഡൻ ജോൺസൺ പറഞ്ഞു. സാധ്യമായ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടികളോട് എങ്ങനെ പ്രതികരിക്കണമെന്ന് നഗര ഏജൻസികൾക്ക് ഉത്തരവ് നിർദ്ദേശം നൽകുന്നു. ട്രംപ് ഇതിനകം വാഷിംഗ്ടൺ ഡിസിയിൽ ഏകദേശം 2,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്, കൂടാതെ ഉത്തരവ് ഷിക്കാഗോയിലേക്ക് നീട്ടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നഗരത്തിലെ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടന്നും അദ്ദേഹം പറഞ്ഞു.

ഷിക്കാഗോയിലെ പൊലീസ് ഉദ്യോഗസ്ഥ‌ർ സൈനിക ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പട്രോളിങ്ങിലോ കുടിയേറ്റ നിയന്ത്രണ പ്രവർത്തനങ്ങളിലോ സഹകരിക്കില്ല. രാജ്യത്തെ ഏതൊരു നഗരവും സ്വീകരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പ്രതിരോധ നടപടിയാണിതെന്നും മേയർ കൂട്ടിച്ചേർത്തു. നാഷനൽ ഗാർഡിനെ വാഷിങ്ടൻ ഡി.സിക്ക് പിന്നാലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വിന്യസിക്കാനുള്ള നീക്കം ട്രംപ് പരിഗണിക്കവേയാണ് ഷിക്കാഗോയുടെ ഈ തീരുമാനം. ക്രമസമാധാനം മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിൻ്റെ വാദം. അതേസമയം, ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരുൾപ്പെടെയുള്ളവർ ട്രംപിന്റെ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide