


ബിജു കിഴക്കേക്കൂറ്റ്
ഷിക്കാഗോ: പൊടിപാറും പോരാട്ടത്തിന് ഇനി കുറച്ചുനാള്‍ മാത്രം… ഷിക്കാഗോയുടെ മണ്ണ് പതിനൊന്നാം അന്താരാഷ്ട്ര വടംവലിപ്പോരിനായി ഒരുങ്ങിക്കഴിഞ്ഞു. ഓണക്കാലത്തിന്റെ ഓര്‍മ്മകളും ആവേശവും നിറച്ച് ഇനി ആര്‍പ്പോ… ഇര്‍റോ.. വിളികള്‍ ഷിക്കാഗോയുടെ ആകാശത്ത് അലകളായി മാറും. നാടിന്റെ നിറവും മണവും കാഴ്ചകളും രുചിക്കൂട്ടുകളും നിറയുന്ന ഒരു ദിനം. ഇന്ത്യൻ രുചിവിഭവങ്ങളുമായി അതിഗംഭീര ഫുഡ് ഫെസ്റ്റ് കൂടിയാണ് വടംവലി മത്സരത്തിനൊപ്പം ഒരുങ്ങുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലേറെ
ടീമുകളാണ് ഈ വടംപോരാട്ടത്തില്‍ കരുത്തുതെളിയിക്കാന്‍ ഇറങ്ങുന്നത്. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായി ഓഗസ്റ്റ് 31 അടയാളപ്പെടുത്താന്‍ പോവുകയാണ്. ഓഗസ്റ്റ് 31ന് മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തില്‍ രാവിലെ കൃത്യം 9 മണിക്കുതന്നെ മത്സരങ്ങള്‍ക്ക് തുടക്കമാകുമെന്ന്
ഷിക്കാഗോ സോഷ്യല്‍ ക്ളബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിൻ്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻസിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അമേരിക്കക്കു പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മൽസരം ഉണ്ടായിരിക്കും. ആഗസ്റ്റ് 31-ന് രാവിലെ 8.45ന് മൽസര ഉദ്ഘാടനം നടക്കും. കൃത്യം ഒൻപതിനു തന്നെ വടംവലി മൽസരം ആരംഭിക്കും. വൈകിട്ട് അഞ്ചോടു കൂടി വിജയികളെ പ്രഖ്യാപിക്കും. 5 മണി മുതൽ രാത്രി 10 മണി വരെ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുവാനുള്ള ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ ഭക്ഷ്യ ഉൽസവം . 7 മണി മുതൽ അഫ്‌സലിൻ്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ഇത്തവണ അയ്യായിരത്തിലേറെ പേർ പരിപാടിയിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
വടംവലി ഉത്സവത്തിന് അധിക ഊർജ്ജം പകരാൻ കേരളത്തിൽ നിന്നുള്ള എം.എൽ.എമാരുടെ സംഘവും ഇത്തവണ എത്തുന്നു. പാലക്കാട് എം.എല്‍.എയും കോണ്‍ഗ്രസ് യുവനേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലാണ് മുഖ്യാതിഥി. മുൻ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ, മാണി.സി.കാപ്പന്‍ എംഎല്‍എ എന്നിവരും ഈ ആവേശപ്പൂരത്തിൻറെ ഭാഗമാകും.

വാർത്താ സമ്മേളന വേദിയിൽ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപിയും അദ്ദേഹത്തിന്റെ പത്നിയും
എത്തി. നല്ല വാക്കുകളും സിനിമാ അഭിനയ അനുഭവങ്ങളുമൊക്കെ അദ്ദേഹം പങ്കുവെച്ചു.
സാമൂഹിക – സാംസ്കാരിക കായിക മേഖലകളിൽ ഷിക്കാഗോ സോഷ്യൽ ക്ളബിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും അത് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വടംവലി മത്സരം നല്ല രീതിയിൽ മികച്ചതാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായും കാലാവസ്ഥ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
വടംവലി മത്സര ഉത്സവം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി 6834 ഡംസ്റ്റര്‍ മോര്‍ട്ടണ്‍ ഗ്രോവ് പാര്‍ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടികള്‍ നടക്കുന്നത്. വടംവലി ആവേശത്തിന്റെ ഭാഗമാകാന്‍ എത്തുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്ഥലം എന്ന നിലയിലാണ് മോര്‍ട്ടന്‍ ഗ്രോവിലേക്ക് ഇത്തവണ മത്സര വേദി മാറ്റിയതെന്ന്
എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാ കമ്മറ്റികളും ഊർജസ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടത്തിക്കഴിഞ്ഞെന്നും സെക്രട്ടറി രാജു മാനുങ്കൽ അറിയിച്ചു. സാധാരണ രണ്ടു ദിവസമായി നടത്തിയിരുന്ന വടംവലി മൽസരവും ഫൂഡ് ഫെസ്റ്റിവലും വിശാലമായ സ്ഥലം സൗകര്യം ഉള്ളതിനാൽ ഒറ്റ ദിവസം തന്നെ മനോഹരമായി നടത്തുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി അറിയിച്ചു.
വടംവലി ആഘോഷത്തിന്റെ വിജകരമായ നടത്തിപ്പിന് സ്പോണ്‍സര്‍മാരില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടിയതെന്ന് ട്രഷറര്‍ ബിജോയ് കാപ്പന്‍ പറഞ്ഞു.
ടൂർണമെന്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മോർട്ടൻ ഗ്രോവ് മേയർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കൂറ്റും പറഞ്ഞു.
വടംവലിയും ഫൂഡ് ഫെസ്റ്റും മനോഹരമാക്കാനാവശ്യമായ സാമ്പത്തിക കാര്യങ്ങൾ അടക്കം വിജയകരമായി പുരോഗമിക്കുകയാണെന്ന് ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേത്ത് അറിയിച്ചു. ഏറ്റവും വിപുലമായ തോതിൽ നടത്തുന്ന ഈ പരിപാടിക്ക് വലിയ പണച്ചെലവുണ്ടെന്നും അതിനു വേണ്ടി സഹകരിച്ച എല്ലാ സ്പോൺസർമാരെ നന്ദി അറിയിക്കുന്നതായും ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ പറഞ്ഞു.
ഷിക്കാഗോയിൽ നടക്കുന്നത് വടംവലിയുടെ ലോകകപ്പു മൽസരമാണെന്നും ഇത് ലൈവായി കാണാൻ അവസരമുണ്ടെന്നും പിആർഒ മാത്യു തട്ടാമറ്റം അറിയിച്ചു. മത്സരങ്ങള്‍ സമാപനത്തിലേക്ക് എത്തുമ്പോള്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള വലിയ അവസരമായിരിക്കും ഫുഡ് ഫെസ്റ്റെന്ന് ചെയര്‍മാന്‍ ജോസ് മണക്കാട്ട് അറിയിച്ചു.

കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ
ഏറ്റവും വലിയ സമ്മാനത്തുകയാണ് ഷിക്കാലോ വടംവലി മത്സരത്തിന്റെ പ്രത്യേകത. അതിനാല്‍ അത്യാവേശത്തിലാണ് വടംവലി പ്രേമികൾ .
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോ റിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോൺസർ. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോൺസർ.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റാണ് സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്പോൺസർമാർ.
വനിതകളുടെ മൽസരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോൺസർ. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോൺസർ ചെയ്തിരിക്കുന്നത്.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻ്റ് ബിജു സക്കറിയ ( ഫ്ളവേഴ്സ് ടിവി ), ഐപിസിഎൻഎ മുൻ ഉപദേശക സമിതി അധ്യക്ഷനും എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്ററുമായ ബിജു കിഴക്കേക്കുറ്റ്, ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ ട്രഷറർ അലൻ ജോർജ് ( ഏഷ്യാനെറ്റ്), കെവിടിവി സിഇഒ സാജു കണ്ണമ്പള്ളി, ഡൊമിനിക് ചൊള്ളമ്പേൽ, കൈരളി ടിവി എന്നിവർ പത്ര സമ്മേളനത്തിലെ മാധ്യമ പ്രതിനിധികളായിരുന്നു.
ഷിക്കാഗോ സോഷ്യൽ ക്ളബിൻ്റെ സ്ഥാപക പ്രസിഡൻ്റ് സൈമൺ ചക്കാലപ്പടവിൽ., മുൻ പ്രസിഡൻ്റുമാരായ സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, സിബി കദളിമറ്റം എന്നിവരും പത്ര സമ്മേളനത്തിന് എത്തിയിരുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു.
പുതിയ വിലാസം ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE, ILLINOIS 60053.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടിൽ (ടൂർണമെൻ്റ് ചെയർമാൻ)-(630) 673-3382

മൽസരിക്കുന്ന ടീമുകൾ
1.അരീക്കര അച്ചായൻസ് A
2. അരീക്കര അച്ചായൻസ് B
3. തൊടുകൻസ് UK
4. അയർലൻഡ് ചിയേഴ്സ് നീ…യാ
5. ന്യൂസീലൻഡ് തെക്കൻസ്
6. കുവൈത്ത് ചാലഞ്ചേഴ്സ്
7. റഫ് ഡാഡീസ്
8. KBC കാനഡ A
9. KBC കാനഡ B
10 ഗ്ലാഡിയേറ്റേഴ്സ് കാനഡ
11 ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ് കാനഡ
12 ഫോക്സ് കാനഡ A
13 ഫോക്സ് കാനഡ B
14 സെവൻ സ്റ്റാഴ്സ് കാനഡ
15 ഗരുഡൻസ് കാനഡ
16 ആഹാ ഡാലസ്
17 ഹ്യൂസ്റ്റൺ റോയൽസ്
18 ഹ്യൂസ്റ്റൺ ബ്രദേഴ്സ് A
19 ഹ്യൂസ്റ്റൺ ബ്രദേഴ്സ് B
20 ഹ്യൂസ്റ്റൺ കൊമ്പൻസ്
21 ന്യൂയോർക് കിങ്സ്
22 ഡാലസ് ലയൺസ്
അണിയറ ശിൽപികൾ

ഷിക്കോഗോ വടംവലി ഗംഭീരമാക്കാനായി വിവിധ കമ്മിറ്റികളിലായി 60 പേർ കയ്യും മെയ്യും മറന്ന് കുറച്ചുനാളുകളായി അധ്വാനിക്കുന്നുണ്ട്. ഷിക്കാഗോ സോഷ്യൽ ക്ളബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടി ലാണ് ടൂര്‍ണമെന്റ്‌റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.


Chicago Social Club tug of war competition on 31 August