മാത്യു തട്ടാമറ്റം
ഒരിക്കൽ കേരളത്തിൻ്റെ നട്ടെല്ലായിരുന്ന കാർഷിക മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും കേരളത്തിലെ യുവാക്കളെ നാട്ടിൽ തന്നെ നിലനിർത്താനും പ്രവാസി മലയാളികൾ മുന്നോട്ടുവരണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോൺ ജോസഫ്. പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഷിക്കാഗോ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിറന്ന മണ്ണിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി വിദേശ മലയാളികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾക്കു മുതൽമുടക്കണം. കേരളത്തിൻ്റെ കാർഷിക മേഖല തകർന്നാൽ അടുത്ത 10 വർഷത്തിനുള്ളിൽ കേരളം ഒരു വൃദ്ധസദനമായിമാറുമെന്നും എല്ലാ യുവാക്കളും ജോലി തേടി അന്യനാടുകളിലേക്ക് കുടിയേറുമെന്നും അപു പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കൃഷി വകുപ്പ് കേരള കോൺഗ്രസിനു ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങനെ വന്നാൽ വിദേശ മലയാളികൾക്ക് കേരള വികസത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതു സംബന്ധിച്ച് പഠനം നടത്തുമെന്നും നൂതന സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും സമന്വയിപ്പിച്ചുള്ള ഒരു കാർഷിക നയം രൂപീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പരമ്പരാഗത കൃഷി ഇപ്പോൾ വൻ നഷ്ടമാണ്, കൃഷിക്കാരൻ ഒരു സംരംഭകനായാൽ മാത്രമേ കാർഷിക മേഖല രക്ഷപ്പെടുകയുള്ളു. അത്തരത്തിൽ വിജയിച്ച ഒരുപാട് യുവാക്കൾ കേരളത്തിലുണ്ട്. പക്ഷേ അവരുടെ വിജയ മാതൃകകളൊന്നും തന്നെ മാധ്യമങ്ങളിൽ വരുന്നില്ല. മാധ്യമങ്ങൾ കർഷകരുടെ കദനകഥകൾ മാത്രമാണ് പുറത്തുവിടുന്നത്. തൊപ്പിപ്പാളയും വച്ച് ഒറ്റമുണ്ടും ഉടുത്ത് നടക്കുന്ന ഒരു സാധുവിൻ്റെ പ്രതിച്ഛായയാണ് കൃഷിക്കാരന്. എന്നാൽ സ്വന്തമായി ബെൻസ് കാറുള്ള ഉന്നത ബിരുദധാരികളായ ഒരുപാട് ചെറുപ്പക്കാർ കൃഷിയെ ഒരു സംരംഭമായി കണ്ട് വിജയിച്ചിട്ടുണ്ട്. കൃഷിക്കാർ സംരംഭകരായാൽ മാത്രമേ കാർഷിക മേഖല രക്ഷപ്പെടുകയുള്ളു. അതിനായി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും മാർക്കറ്റ് ചെയ്യുകയും വേണം. കൃഷിക്കാരനെ കുറിച്ചുള്ള പ്രതിഛായ മാറിയാൽ തന്നെ കൃഷിചെയ്യാൻ യുവാക്കൾ മുന്നോട്ടുവരും .
കൃഷി രംഗത്തു മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തും വിദേശ മലയാളികൾക്ക് സംഭാവന ചെയ്യാൻ കഴിയും. സിവിക് സെൻസ് തീരെ ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്. അതാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്. പക്ഷേ അത് കേരളത്തിൽ നടക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ ജീവിച്ച് മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടിട്ടുള്ള പ്രവാസികൾ നാട്ടിൽ വന്ന് അതതു വാർഡിലുള്ള സ്കൂളുകളിലെങ്കിലും പോയി പൌരബോധം എന്തെന്ന് കുട്ടികളേയും അധ്യാപരേയും ബോധവൽക്കരിക്കേണ്ടതാണ് – അപു പറഞ്ഞു. ഫൊക്കാനക്കും ഫോമായ്ക്കുമൊക്കെ ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാവുന്നതാണ്.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് മൽസരിക്കുമോ എന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും പി ജെ ജോസഫിനെ പോലെ ദീർഘവീക്ഷണമുള്ള നേതാവ് ഇപ്പോഴും തൊടുപുഴയെ പൊന്നുപോലെ നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനം എന്തെന്ന് അറിയണമെങ്കിൽ കേരള കോൺഗ്രസുകാരുടെ മണ്ഡലത്തിൽ വന്ന് നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്ളസ്ടു കൊണ്ടുവന്നത് പിജെ ജോസഫാണ്. അങ്ങനെയാണ് എല്ലാവർക്കും വീടിന് അടുത്ത് തന്നെ വിദ്യാഭ്യാസ സൌകര്യം വന്നതും നഴ്സിങ് പഠിച്ച് കേരളത്തിലെ പെൺമക്കൾ എല്ലാം വിദേശരാജ്യങ്ങളിൽ എത്തിയതും. തകർന്നുപോയ കാർഷിക മേഖല ഇന്നു ജീവിച്ചുപോകുന്നത് ഇവർ അയക്കുന്ന പണംകൊണ്ടുകൂടിയാണ്. പക്ഷേ നഷ്ടം കേരളാകോൺഗ്രസിനാണെന്നും അപു തമേശ രൂപേണ പറഞ്ഞു. യുവാക്കൾ ജോലികിട്ടി പുറത്തേക്ക് പോയപ്പോൾ മുഖ്യമായും നഷ്ടമായത് കേരള കോൺഗ്രസിൻ്റെ വോട്ട് ബാങ്കാണ് .
സണ്ണി വള്ളിക്കളം അധ്യക്ഷനായിരുന്നു.മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, എൻആർഐ റിപ്പോർട്ടർ സിഇഒ ബിജു കിഴക്കേക്കൂറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീൺ തോമസ്, സൂസൻ ഡാനിയേൽ, ജെയ്ബു മാത്യു കുളങ്ങര, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.





Chicago welcomes Apu John Joseph















