മാസപ്പടിക്കേസില്‍ സത്യവാങ്മൂലം സമർപ്പിച്ച് വീണ, ‘മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസിൽ കുടുക്കാൻ നോക്കുന്നു, ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കുന്നു’

കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിദ്യാസമ്പന്നയായ തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനാണ് ഇത്തരമൊരു പൊതുതാത്പര്യ ഹർജി നല്‍കിയിരിക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വീണ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബാലിശവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണ് ഹർജിക്കാരന്‍ ആരോപിക്കുന്നതെന്നും വീണ അഭിപ്രായപ്പെട്ടു.

സത്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ അച്ഛന് പങ്കില്ല. ഭര്‍ത്താവിനും കമ്പനിയുമായി ബന്ധമില്ല. കമ്പനി സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ്, അച്ഛന്‍ മുഖ്യമന്ത്രിയായത്. എകെജി സെന്റര്‍ സുരക്ഷിത താവളമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എകെജി സെന്ററിന്റെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പിഴയീടാക്കിയത്. നടപടിക്രമങ്ങളിലെ വീഴ്ച തിരുത്താനായിരുന്നു പിഴയെന്നും വീണ വിവരിച്ചു.

ഹർജി രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങമൂലത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശശുദ്ധി ഹർജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി.തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്യുകയാണ്. നിലവില്‍ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ടതില്ല. രണ്ട് കമ്പനികള്‍ തമ്മിലെ സാമ്പത്തിക ഇടപാടുകളാണെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide