
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടാപകടം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച അപകടത്തിൽ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിമിഷങ്ങൾക്കകം മടങ്ങി. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം, കെട്ടിടാപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പ്രതികരണവുമായി രംഗത്തെത്തി. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നും വിശ്രുതൻ പറഞ്ഞു. രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ. സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കൂട്ടിച്ചേർത്തു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തു. തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്‍റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് ഉണ്ടായിരുന്ന കെട്ടിടം ഏത് സാഹചര്യത്തിൽ ആണ് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.