
വാഷിംഗ്ടൺ: ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യുഎസ് കുടിയേറ്റ നിയമം, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. എച്ച്-1ബി വിസ ഉടമകളുടെ മക്കളായ ഈ കുട്ടികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മാതാപിതാക്കളുടെ ഗ്രീൻ കാർഡ് അപേക്ഷകൾ പരിഗണനയിലിരിക്കെ തന്നെ, 21 വയസ്സ് പൂർത്തിയാകുമ്പോൾ ഇവർക്ക് സംരക്ഷിത കുടിയേറ്റ പദവി നഷ്ടമാകും.
കുട്ടികളുടെ പ്രായം കണക്കാക്കുന്നതിനുള്ള ‘ചൈൽഡ് സ്റ്റാറ്റസ് പ്രൊട്ടക്ഷൻ ആക്ട് (CSPA)’ നിയമങ്ങളിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വെള്ളിയാഴ്ച പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. ഓഗസ്റ്റ് 15-നോ അതിനു ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇത് ബാധകമാകും. രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ അപേക്ഷിക്കുന്നവർക്ക് ഗ്രീൻ കാർഡ് നടപടികൾ ഈ മാറ്റത്തിലൂടെ ഏകീകരിക്കാനും ലളിതമാക്കാനും സാധിക്കുമെന്നാണ് USCIS അറിയിക്കുന്നത്.
പുതിയ നിയമപ്രകാരം, വിസ ലഭ്യമാകുന്ന തീയതി കണക്കാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിസ ബുള്ളറ്റിനിലുള്ള ‘ഫൈനൽ ആക്ഷൻ ഡേറ്റ്സ്’ ചാർട്ട് USCIS ഇനി മുതൽ ഉപയോഗിക്കും. പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ്, അതായത് ഓഗസ്റ്റ് 15-ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ 2023 ഫെബ്രുവരി 14-ന് നിലവിൽ വന്ന പഴയ നയം അനുസരിച്ചായിരിക്കും പരിഗണിക്കുക. കാരണം, ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് അപേക്ഷകർ അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് ഫയൽ ചെയ്തിരുന്നത്.
പുതിയ നിയമം ഇന്ത്യക്കാർക്ക് വലിയ പ്രത്യാഘാതമുണ്ടാക്കും. 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച എച്ച്-1ബി അപേക്ഷകളിൽ 73 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. 2010 മുതൽ ഓരോ വർഷവും എച്ച്-1ബി അംഗീകാരങ്ങളിൽ ഭൂരിഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്കാണെന്ന് പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കുന്നു.