
ബെയ്ഗിംഗ്: ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങളെ’ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് മറുപടിയുമായ് ചൈന. ബ്രിക്സ് കൂട്ടായ്മ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കി. വ്യാപാര-താരിഫ് യുദ്ധങ്ങൾക്ക് വിജയികളില്ലെന്നും സംരക്ഷണം ഒരു മുന്നോട്ട് പോക്കിന് വഴിയൊരുക്കില്ലെന്നും ചൈന ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
‘അമേരിക്കൻ വിരുദ്ധ’ ബ്രിക്സ് നയങ്ങൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ശിക്ഷാപരമായ താരിഫുകൾ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. രാഷ്ട്രീയപരമായ നിർബന്ധിതാധികാരത്തിന്‍റെ മാർഗ്ഗമായി താരിഫുകൾ ഉപയോഗിക്കുന്നതിനോട് ചൈന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായും നിംഗ് പറഞ്ഞു. താരിഫുകളുടെ ഉപയോഗം ആർക്കും പ്രയോജനം ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് പതിവ് വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
‘ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ എഴുതി.ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഉച്ചകോടി ഇന്നു സമാപിക്കും.ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം. കൂടാതെ, യുഎസിന്റെ പേര് പരാമര്‍ശിക്കാതെ, വിവേചനരഹിതമായ താരിഫ് വര്‍ധനയെയും ബ്രിക്സ് കൂട്ടായ്മ വിമര്‍ശിച്ചിരുന്നു. അത്തരം നടപടികള്‍ ആഗോള വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യുമെന്നും ബ്രിക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.