അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകൾ, വാക്കുപാലിച്ച് യുഎസും ചൈനയും; യുഎസ് കപ്പലുകൾക്കുള്ള പ്രത്യേക പോർട്ട് ഫീസ് നിർത്തി ചൈന

ബീജിംഗ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനീസ് നേതാവ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന്, അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളും യുഎസ് കപ്പലുകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പോർട്ട് ഫീസുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വാഷിംഗ്ടൺ തങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളുടെ എന്‍റിറ്റി ലിസ്റ്റ് വികസിപ്പിച്ച്, നിലവിൽ നിയന്ത്രണങ്ങളുള്ള സ്ഥാപനങ്ങളുടെ 50 ശതമാനത്തിലധികം ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളെ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഈ മാസം ആദ്യം ബീജിംഗ് അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഗണ്യമായി ശക്തമാക്കിയിരുന്നു.

എന്നാൽ, ട്രംപും ഷീയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്ഥിതിഗതികളിൽ മാറ്റം വന്നു. ഉപസ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാൻ യുഎസ് സമ്മതിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഇതിന് പകരമായി, സുപ്രധാന ധാതുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇതേ കാലയളവിലേക്ക് ചൈനയും നിർത്തിവയ്ക്കും.

അമേരിക്കൻ തുറമുഖങ്ങളിൽ അടുക്കുന്ന ചൈനീസ് കപ്പലുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക പോർട്ട് ഫീസുകൾ ഒരു വർഷത്തേക്ക് യുഎസ് നിർത്തിവയ്ക്കുമെന്നും വക്താവ് പറഞ്ഞു. ഇതിന് പ്രതികരണമായി യുഎസ് കപ്പലുകൾക്കെതിരെ ഏർപ്പെടുത്തിയ പ്രതിരോധ നടപടികൾ ഒരു വർഷത്തേക്ക് ചൈനയും താൽക്കാലികമായി നിർത്തും. ചൈനീസ് കപ്പലുകൾക്ക് അമേരിക്കൻ തുറമുഖങ്ങളിൽ അടുക്കുന്നതിന് ചാർജ് ഈടാക്കാനുള്ള വാഷിംഗ്ടൻ്റെ പദ്ധതികൾ ഈ മാസം നിലവിൽ വന്നതുമുതൽ ബീജിംഗ് ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ പരസ്പര ഇളവുകൾ ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide