
ബെയ്‌ജിങ്: ചൈനയുടെ പുതിയ നീക്കത്തെ ആശങ്കയോടെ നോക്കി ലോകം. 60 മൈലിലധികം, അതായത് ഏകദേശം 100 കിലോമീറ്റർ അകലെ നിന്ന് പോലും മനുഷ്യൻറെ മുഖ വിശദാംശങ്ങൾ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹമാണ് ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ ദൂരദർശിനികളുമായും താരതമ്യപ്പെടുത്തുമ്പോൾ 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രകടന വർദ്ധനവാണ് പുതിയ കണ്ടുപിടുത്തത്തിന് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഭൂമിയിലുള്ള കാര്യങ്ങൾ മുമ്പ് സാധിക്കാത്ത അത്രയും വിശദമായി നിരീക്ഷിക്കാൻ ചൈനയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. ചൈനയിലെ അക്കാദമി ഓഫ് സയൻസസിൻറെ എയ്‌റോസ്‌പേസ് ഇൻഫർമേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ചൈനീസ് ജേണൽ ഓഫ് ലേസേഴ്‌സിൽ (ലക്കം 52, വാല്യം 3) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ഈ കണ്ടെത്തലുകളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
രാജ്യത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെ ശാസ്ത്രജ്ഞർ പുതിയ സംവിധാനം ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിയിരുന്നു. ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പരീക്ഷണം. ഈ പുതിയ സംവിധാനം ഒപ്റ്റിക്കൽ തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവയ്ക്ക് മൈക്രോവേവുകളേക്കാൾ വളരെ കുറഞ്ഞ തരംഗദൈർഘ്യമാണുള്ളത്. അവ വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.















