
വാഷിംഗ്ടൺ: വ്യാപാര കരാറിലെത്താൻ ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്ന യുഎസ് ആവശ്യത്തോടെ മുഖം തിരിച്ച് ചൈന. ചൈനയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ എപ്പോഴും ഊർജ്ജ വിതരണം ഉറപ്പാക്കുമെന്ന് സ്റ്റോക്ക്ഹോമിൽ നടന്ന രണ്ട് ദിവസത്തെ വ്യാപാര ചർച്ചകൾക്ക് ശേഷം ചൈനയുടെ വിദേശകാര്യ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യുഎസിന്‍റെ 100 ശതമാനം തീരുവ ഭീഷണിയോടുള്ള പ്രതികരണമായിരുന്നു ഇത്.
നിർബന്ധവും സമ്മർദ്ദവും കൊണ്ട് ഒന്നും നേടാനാകില്ല. ചൈന തങ്ങളുടെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ഉറച്ചു പ്രതിരോധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വാണിജ്യ ബന്ധം സുസ്ഥിരമാക്കാൻ ഒരു കരാറിലെത്തുന്നതിനെക്കുറിച്ച് ബീജിംഗും വാഷിംഗ്ടണും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന ഈ സമയത്ത് ഈ പ്രതികരണം ശ്രദ്ധേയമാണ്. ട്രംപ് ഭരണകൂടവുമായി ഇടപെഴകുമ്പോൾ, പ്രത്യേകിച്ച് വ്യാപാരം ഊർജ്ജ, വിദേശ നയങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ, കർശന നിലപാടുകൾ സ്വീകരിക്കുന്നതിൽ ചൈന ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്
റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ ചൈനക്കാർ അവരുടെ പരമാധികാരത്തെ വളരെ ഗൗരവമായി കാണുന്നു എന്നാണ് ചർച്ചകൾക്ക് ശേഷം പുറത്തുവന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “അവരുടെ പരമാധികാരത്തിൽ കടന്നുകയറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ അവർ 100 ശതമാനം തീരുവ അടയ്ക്കാൻ ആഗ്രഹിക്കുന്നു” എന്നും ബെസ്സെന്റ് പറഞ്ഞു.
ചൈനീസ് പ്രതിനിധികൾ കടുപ്പക്കാരായ ചർച്ചക്കാരാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. എന്നാൽ ചൈനയുടെ എതിർപ്പ് ചർച്ചകളെ തടസപ്പെടുത്തിയിട്ടില്ലെന്നും ഒരു കരാറിനുള്ള സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ബെസ്സെന്റ് സിഎൻബിസിയോട് പറഞ്ഞു.