ഇന്ത്യയെ ചിന്തിപ്പിക്കുന്ന പെന്റഗൺ റിപ്പോ‌ർട്ട്, അരുണാചൽ പ്രദേശിനെ ‘കോർ ഇന്ററസ്റ്റ്’ പട്ടികയിൽ പെടുത്തി ചൈന; 2049-ഓടെ ലക്ഷ്യത്തിലെത്താൻ നീക്കം

വാഷിംഗ്ടൺ: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ചൈന തങ്ങളുടെ കോർ ഇന്ററസ്റ്റ് അഥവാ വിട്ടുവീഴ്ചയില്ലാത്ത താല്പര്യങ്ങളുടെ പട്ടികയിൽ പെടുത്തിയതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. യുഎസ് കോൺഗ്രസിന് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ചൈനയുടെ വിപുലമാകുന്ന ഭൗമരാഷ്ട്രീയ മോഹങ്ങളെക്കുറിച്ച് പെന്റഗൺ മുന്നറിയിപ്പ് നൽകുന്നത്. ഈ വിഷയങ്ങളിൽ യാതൊരുവിധ ചർച്ചകൾക്കോ വിട്ടുവീഴ്ചകൾക്കോ ചൈന തയ്യാറല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തായ്‌വാൻ, ദക്ഷിണ ചൈന കടലിലെ പരമാധികാരം, സെൻകാകു ദ്വീപുകൾ എന്നിവയ്‌ക്കൊപ്പം അരുണാചൽ പ്രദേശിനെയും ചൈന തങ്ങളുടെ ‘കോർ ഇന്ററസ്റ്റ്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രദേശങ്ങളെല്ലാം ചൈനീസ് പരമാധികാരത്തിന് കീഴിലാക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. 2049-ഓടെ ചൈനീസ് രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. ഈ തർക്കപ്രദേശങ്ങളെ ചൈനയോട് ചേർക്കുന്നത് ഇതിന്റെ അവിഭാജ്യ ഘടകമാണെന്ന് ചൈനീസ് നേതൃത്വം വിശ്വസിക്കുന്നു. 2049-ഓടെ ഏതൊരു യുദ്ധവും ജയിക്കാൻ കെൽപ്പുള്ള ‘ലോകോത്തര സൈന്യത്തെ’ സജ്ജമാക്കാനാണ് ചൈനയുടെ ശ്രമം. രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഭീഷണിയാകുന്ന എന്തിനെയും പ്രതിരോധിക്കാൻ ഈ സൈന്യത്തെ സജ്ജമാക്കും.

അരുണാചൽ അതിർത്തിയിൽ (LAC) ചൈന നടത്തുന്ന ഗ്രാമങ്ങളുടെ നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും ഈ ലക്ഷ്യം മുൻനിർത്തിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം അതിന്റെ നിലനിൽപ്പിനും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമെന്ന് കരുതുന്ന വിഷയങ്ങളെയാണ് ‘കോർ ഇന്ററസ്റ്റ്’ എന്ന് വിളിക്കുന്നത്. ഇവയിൽ വിട്ടുവീഴ്ച ചെയ്യുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അവർ കരുതുന്നു. സാധാരണഗതിയിൽ സൈനിക ബലം ഉപയോഗിച്ച് പോലും ഇത്തരം താല്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യങ്ങൾ മുതിരാറുണ്ട്.
അരുണാചൽ പ്രദേശിനെ ‘ദക്ഷിണ ടിബറ്റ്’ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാൽ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide