അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടുകുത്തില്ല, ദാഹം ശമിപ്പിക്കാന്‍ വിഷം കുടിക്കുന്നത് പോലെയാകും, ട്രംപിനെ അനുസരിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന

ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനു മുന്നില്‍ മുട്ടമടക്കില്ലെന്ന വ്യക്തമായ സന്ദേശവുമായി ചൈന. ചൈനയുമായുള്ള ട്രംപിന്റെ വ്യാപാര യുദ്ധത്തെ വീഡിയോയിലൂടെ ചൈന ശാസിക്കുന്നുമുണ്ട്.

രണ്ടാം തവണ അധികാരത്തിലെത്തി 100 ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ട്രംപിനെതിരായ വീഡിയോയുമായി ചൈന എത്തിയത്. അദ്ദേഹത്തിന്റെ വ്യാപാര നയങ്ങള്‍ക്ക് മുന്നില്‍ ‘ഒരിക്കലും മുട്ടുമടക്കില്ല’ എന്ന് പ്രഖ്യാപിച്ച് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട വീഡിയോ, അമേരിക്കയുടെ ‘ഭീഷണിപ്പെടുത്തലിനെതിരെ’ ഉണരണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ചൈനയെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചുകൊണ്ട് യുഎസ് ആഗോളതലത്തില്‍ ഒരു തീരുവ കൊടുങ്കാറ്റ് സൃഷ്ടിച്ചുവെന്നും, അതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ’90 ദിവസത്തെ താല്‍ക്കാലിക ആശ്വാസം നല്‍കിയെന്നും ചൈന പറയുന്നു. യുഎസിന്റെ ഇത്തരത്തിലെ ഒരു ഭീഷണിപ്പെടുത്തലിന് മുന്നില്‍ വഴങ്ങുന്നത് ദാഹം ശമിപ്പിക്കാന്‍ വിഷം കുടിക്കുന്നത് പോലെയാണ്, അത് പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുകയേയുള്ളൂവെന്നും വീഡിയോയില്‍ ചൈന പറഞ്ഞു.

ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടാനായി ഇംഗ്ലീഷില്‍ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയാണ് ചൈന വീഡിയോ പുറത്തുവിട്ടത്.

മുട്ടുകുത്തുന്നത് കൂടുതല്‍ ഭീഷണി മാത്രമേ ക്ഷണിച്ചുവരുത്തൂവെന്നും ചൈന മുട്ടുകുത്തുകയില്ലെന്നും വീഡിയോ വ്യക്തമാക്കി. ദുര്‍ബലരുടെ ശബ്ദം കേള്‍ക്കപ്പെടുമെന്നും ലോകം മുഴുവന്‍ ഐക്യദാര്‍ഢ്യത്തോടെ ഒന്നിച്ചു നില്‍ക്കുമ്പോള്‍, യുഎസ് ഒരു ഒറ്റപ്പെട്ട ചെറിയ ബോട്ട് മാത്രമാണെന്നും ചൈന ആരോപിക്കുന്നു.

‘മൂടല്‍മഞ്ഞിനെ തകര്‍ക്കാനും മുന്നോട്ടുള്ള പാത കണ്ടെത്തി നീങ്ങാനും ആരെങ്കിലും മുന്നോട്ട് വരണമെന്നും കൈയില്‍ ദീപവുമായി മുന്നോട്ട് പോകണമെന്നും സ്വയം ഉദാഹരണമായി ചൈന കൂട്ടിച്ചേര്‍ത്തു.

ഇതുവരെ, യുഎസ് പ്രസിഡന്റ് ട്രംപ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ ജൂലൈ വരെ 10 ശതമാനം യുഎസ് തീരുവ നല്‍കണം. തീരുവയുദ്ധത്തില്‍ ചൈനയെ കടന്നാക്രമിക്കുന്ന യുഎസിനെയും പകരച്ചുങ്കം കൊണ്ട് തിരിച്ചടിക്കുന്ന ചൈനയേയും ഇതിനകം ലോകം കണ്ടു കഴിഞ്ഞു. ഇരു രാജ്യങ്ങളുടേയും ഓരോ നീക്കങ്ങളും ലോകം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.