
ബെയ്ജിംഗ്: അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ വലിയ തീരുവകൾ പ്രഖ്യാപിച്ചതോടെ തിരിച്ചടിക്കാൻ ചൈന. ചൈന ഇതിനെ ശക്തമായി എതിർക്കുകയും സ്വന്തം അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഉറച്ച പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ട്രംപിന്‍റെ ഈ നീക്കത്തെ മന്ത്രാലയം “ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതി” എന്നാണ് ചൈന വിമർശിച്ചത്. തീരുവകൾ റദ്ദാക്കാനും “തുല്യമായ സംഭാഷണത്തിലൂടെ വ്യാപാര പങ്കാളികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ശരിയായി പരിഹരിക്കാനും” ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്ക് വിരുദ്ധവും ബന്ധപ്പെട്ട കക്ഷികളുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഗുരുതരമായ നാശനഷ്ടം വരുത്തുന്നതുമായ ഏകപക്ഷീയമായ തീരുമാനമാണ് യുഎസ് എടുത്തിട്ടുള്ളതെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ട്രംപ് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. നിലവില്‍ ചൈനയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതുതായി 34 ശതമാനം തീരുവ കൂടി ചുമത്തിയിട്ടുള്ളത്. ഇതോടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നതിന് 54 ശതമാനം ഇറക്കുമതി തീരുവ നല്‍കണമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.