
വാഷിംഗ്ടൺ: താരിഫ് യുദ്ധം കടുക്കുന്നതിനിടെ കൂടിക്കാഴ്ചയ്ക്ക് തയാറായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഔദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് ഏഷ്യൻ രാജ്യത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മെക്സിക്കോ, ജപ്പാൻ എന്നിവരുമായുള്ള തന്റെ ഫലപ്രദമായ ചർച്ചകളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. മെക്സിക്കോ പ്രസിഡന്റുമായി ഇന്നലെ വളരെ ഫലപ്രദമായ ഒരു ഫോൺ സംഭാഷണം നടത്തി.
അതുപോലെ, ജാപ്പനീസ് വ്യാപാര പ്രതിനിധികളുമായി ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ച നടത്തി. അത് വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു. ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളും കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, വ്യാപാര യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ചൈന സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ചില പ്രധാനപ്പെട്ട മുൻവ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള സന്നദ്ധതയാണ് ചൈന അറിയിച്ചിട്ടുള്ളത്. കൂടുതൽ നയതന്ത്രപരമായ ബഹുമാനം, സ്ഥിരതയുള്ള യുഎസ് വ്യാപാര നിലപാട്, ഉപരോധങ്ങളിലും തായ്‌വാനിലുമുള്ള തങ്ങളുടെ ആശങ്കകൾക്ക് ശ്രദ്ധ നൽകുക, ട്രംപിന്റെ പൂർണ്ണ പിന്തുണയുള്ള ഒരു മുഖ്യ ചർച്ചാ പ്രതിനിധിയെ നിയമിക്കുക എന്നിവയാണ് ചൈനയുടെ വ്യവസ്ഥകൾ എന്നായിരുന്നു റിപ്പോർട്ട്.