
ബെയ്ജിംഗ്: യുഎസുമായുള്ള കടുത്ത താരിഫ് യുദ്ധം നടക്കുന്നതിനിടെ ഏപ്രിലിൽ ഉപഭോക്തൃ വിലകൾ തുടർച്ചയായ മൂന്നാം മാസവും ഇടിഞ്ഞതായി ചൈന അറിയിച്ചു. കടുത്ത വ്യാപാര യുദ്ധവും മന്ദഗതിയിലുള്ള ഉപഭോഗവും കാരണം സ്തംഭിച്ചിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും ഈ തിരിച്ചടി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ദീർകാല പ്രശ്നങ്ങളും കയറ്റുമതിയിലെ പ്രതികൂല സാഹചര്യങ്ങളും വളർച്ചയെ തടസ്സപ്പെടുത്തുന്നതിനാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ സമീപ വർഷങ്ങളിൽ തുടർച്ചയായ വിലയിടിവ് സമ്മർദ്ദം നേരിടുകയാണ്.
ഡോണൾഡ് ട്രംപ് ആരംഭിച്ച ഉയർന്ന വ്യാപാര യുദ്ധത്തിന് സാധ്യതയുള്ള വഴിത്തിരിവ് നൽകിക്കൊണ്ട്, സ്വിറ്റ്സർലൻഡിൽ ചൈനയിലെയും അമേരിക്കയിലെയും പ്രധാന സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നത്. നിർമ്മാണ കേന്ദ്രമായ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ചുമത്തിയ താരിഫ് പല ഉൽപ്പന്നങ്ങൾക്കും ഇപ്പോൾ 145 ശതമാനമായി ഉയർന്ന അവസ്ഥയിലാണ്. മറ്റ് ചില ഉൽപ്പന്നങ്ങൾക്ക് ഇത് മൊത്തത്തിൽ 245 ശതമാനം വരെ എത്തുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് വെല്ലുവിളികൾക്ക് ആക്കം കൂട്ടുന്ന ഈ നികുതികൾ പൂർണ്ണമായി റദ്ദാക്കണമെന്ന് ബീജിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, താരിഫ് 80 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് വെള്ളിയാഴ്ച സൂചിപ്പിച്ചു.