
വാഷിംഗ്ടൺ: യുഎസ് ഫണ്ട് ഉപയോഗിച്ച് നടത്തിയ രഹസ്യാത്മകമായ കാൻസർ ഗവേഷണ വിവരങ്ങൾ മോഷ്ടിക്കുകയും അത് ചൈനയിലേക്ക് കടത്താൻ ശ്രമിക്കുകയും ചെയ്ത ചൈനീസ് മെഡിക്കൽ ഗവേഷകൻ അറസ്റ്റിൽ. ജൂലൈ 9-ന് ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ വിമാനത്താവളത്തിൽ വെച്ചാണ് ഡോ. യുൻഹായി ലി (35) എന്നയാളെ തടഞ്ഞത്. യാത്രയ്ക്ക് തൊട്ടുമുൻപ് നടത്തിയ സുരക്ഷാ പരിശോധനയിൽ ഇയാളുടെ ലാപ്ടോപ്പിൽ രഹസ്യാത്മകമായ മെഡിക്കൽ വിവരങ്ങൾ കണ്ടെത്തിയതായി ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
“എംഡി ആൻഡേഴ്സൺ കാൻസർ ഗവേഷകനായ യുൻഹായി ലിക്കെതിരെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചതിനും (മൂന്നാം ഘട്ട കുറ്റകൃത്യം) സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ചതിനും (ക്ലാസ് എ ദുഷ്പ്രവൃത്തി) കേസ് രജിസ്റ്റർ ചെയ്തു. വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചതിന് രണ്ടുമുതൽ പത്തുവർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാം. സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ചതിന് ഒരു വർഷം വരെ തടവും 4,000 ഡോളർ പിഴയും ലഭിക്കും,” ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് തിങ്കളാഴ്ച അറിയിച്ചു.
2022 മുതൽ എംഡി ആൻഡേഴ്സൺ കാൻസർ സെന്‍ററിൽ ജോലി ചെയ്തിരുന്ന ഡോ. ലി, സ്തനാർബുദം പടരുന്നത് തടയാനുള്ള ഒരു വാക്സിൻ വികസിപ്പിക്കുന്ന സംഘത്തിലെ അംഗമായിരുന്നു. ജൂലൈ ഒന്നിന് ജോലി രാജിവെച്ചതിന് ശേഷം, ഗവേഷണ വിവരങ്ങൾ ചൈനയിലെ ഒരു സെർവറിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. സംരക്ഷിക്കപ്പെട്ട ഗവേഷണ സാമഗ്രികൾ കടത്താൻ ശ്രമിച്ചതിന് ഇയാൾക്ക് ഫെഡറൽ കേസുകളും നേരിടേണ്ടി വരും.