
ബീജിംഗ്/ന്യൂഡൽഹി: മോസ്‌കോയുമായുള്ള വ്യാപാരം കുറയ്ക്കാൻ ന്യൂഡൽഹിക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ഒരു രാജ്യവും ഒറ്റപ്പെട്ടിട്ടില്ല എന്നതിന്‍റെ വ്യക്തമായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ. യുഎസ് യുക്രെയ്ൻ സമാധാന കരാറിനായി ശ്രമിക്കുന്ന നിർണായക ഘട്ടത്തിലാണ് റഷ്യൻ നേതാവിൻ്റെ ഈ സന്ദർശനം.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ഏകോപനവും സഹകരണവും, തങ്ങളുടെ സ്വതന്ത്രവും സ്വയംഭരണപരവുമായ കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചന നൽകുന്നു എന്നാണ് ചൈന ഫോറിൻ അഫയേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ലി ഹൈഡോംഗിനെ ഉദ്ധരിച്ച് ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ-റഷ്യ ബന്ധം തന്ത്രപരമായ സ്വഭാവമുള്ളതാണെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്കോ ഇടപെടലുകൾക്കോ വഴങ്ങാത്ത വിധം ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പുടിൻ്റെ സന്ദർശനത്തിലൂടെ, ഇന്ത്യയും റഷ്യയും പുറംലോകത്തേക്ക് ഒരു വ്യക്തമായ സന്ദേശം സംയുക്തമായി നൽകിയിരിക്കുന്നു: ഒരു രാജ്യവും ഒറ്റപ്പെട്ടിട്ടില്ല,” ലി പറഞ്ഞു. “നേരെമറിച്ച്, ഇരുപക്ഷവും വിപുലമായ പരസ്പര പിന്തുണയും ശക്തമായ പൂരകതയും ആസ്വദിക്കുന്നു… അതുകൊണ്ട് തന്നെ യുഎസും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കും ഇന്ത്യയ്ക്കും എതിരെ ഏർപ്പെടുത്തുന്ന ഉപരോധങ്ങളും സമ്മർദ്ദങ്ങളും വിജയിക്കാൻ സാധ്യതയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ പരമ്പരാഗത പ്രതിരോധ സഹായവും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന എണ്ണ ഇറക്കുമതിയും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തള്ളിക്കളയുന്ന ചൈനീസ് വിശകലനം പുറത്തുവന്നിരിക്കുന്നത്.















