
ഷിംല : വടക്കേ ഇന്ത്യയിലെമ്പാടും കനത്ത മഴ. ഒന്നിലധികം സംസ്ഥാനങ്ങളില്‍ കാലാവ്സ്ഥാ വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് അധിക ജാഗ്രത. ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. പ്രത്യേകിച്ച് ഷിംല, ലാഹൗള്‍, സ്പിതി ജില്ലകളിലാണ് മഴനാശം കൂടുതല്‍. തുടര്‍ച്ചയായ മഴ ഗുരുതരമായ യാത്രാ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച മുതല്‍ ഉണ്ടായ മേഘവിസ്‌ഫോടനങ്ങളും മിന്നല്‍ പ്രളയവും കാരണം രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 300-ലധികം റോഡുകള്‍ അടച്ചു.
ഗാന്‍വി റാവൈനിലെ ഒരു പൊലീസ് പോസ്റ്റ് ഒലിച്ചുപോയി. ഷിംലയില്‍ ഒരു ബസ് സ്റ്റാന്‍ഡ് തകര്‍ന്നു, സമീപത്തെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലഹൗളിലും സ്പിതിയിലും, മായാദ് താഴ്വരയിലുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ കര്‍പത്, ചാംഗുട്ട്, ഉദ്‌ഗോസ് നാല എന്നിവയ്ക്ക് സമീപമുള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നു. കര്‍പത് ഗ്രാമം മഴ ദുരിതത്തിലായതോടെ ഗ്രാമവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
24 മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ 180 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്. ഹിമാചല്‍ പ്രദേശിലെ ഷിംല, സിര്‍മൗര്‍, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, നൈനിറ്റാള്‍, ചമോലി, പിത്തോരാഗഡ്, ബീഹാറിലെ അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, സുപോള്‍ തുടങ്ങിയ ജില്ലകളില്‍ അതീവ ജാഗ്രതയാണ്.