ട്രംപിൻ്റെ തീരുവയിൽ വില കുതിക്കാനൊരുങ്ങി കോഫി; ഇനി ഏറ്റവും വിലയേറിയ പാനീയം

ന്യൂയോർക്ക്: കോഫി ഇനി മുതൽ ഏറ്റവും വിലയേറിയ പാനീയമാകും. ദിവസം ഒരു കോഫി കുടിക്കുക എന്ന ശീലം ഇനി നിങ്ങളെ ദരിദ്രനുമാക്കും. അടുത്ത മാസം മുതൽ ബ്രസീലിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയാണ് ഇത്തരത്തിൽ കോഫിയെ വിലയേറിയ പാനീയമാക്കുന്നത്. കഫേകളിൽ മാത്രമല്ല സ്വന്തം അടുക്കളയിൽ ഉണ്ടാക്കിയാലും ഇനി കാപ്പിയുടെ വില വർദ്ധിപ്പിക്കും.

ഈ വർഷം ആഗോളതലത്തിൽ തന്നെ കാപ്പിയുടെ വില ഉയർന്നിരിക്കുകയാണ്. അതിനിടയിൽ താരിഫിൽ വരുന്ന മാറ്റം കൂടി ആകുമ്പോ ഇനിയും വില ഉയരും. യുഎസിലേക്കുള്ള ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരായ ബ്രസീലിലെയും വിയറ്റ്നാമിലെയും വരൾച്ച സമീപ സീസണുകളിൽ വിളവ് കുറയാൻ വലിയ കാരണമായിരുന്നു. വിളവ് കുറഞ്ഞതോടെ മാർക്കറ്റിൽ കാപ്പിയുടെ വില ഉയരാനും തുടങ്ങി.

യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇതിനകം തന്നെ പലചരക്ക് കടയിൽ ഉപഭോക്താക്കൾ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. മെയ് അവസാനം, യുഎസിൽ ഒരു പൗണ്ട് ഗ്രൗണ്ട് റോസ്റ്റ് കാപ്പിയുടെ ശരാശരി വില $7.93 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇതിന് $5.99 വിലയേ ഉണ്ടായിരുന്നുള്ളൂ.

ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. . താരിഫ് പ്രാബല്യത്തിൽ വന്നതിന് ശേഷം ഉപഭോക്താക്കൾക്ക് സ്റ്റോറുകളിൽ ഉയർന്ന വില കാണാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്നാണ് സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് പോളിസി റിസർച്ചിലെ ചീഫ് സ്റ്റാഫ് റയാൻ കമ്മിംഗ്സ് പറയുന്നത്.

സ്റ്റാർബക്സ് പോലുള്ള വൻതോതിൽ കാപ്പി വാങ്ങുന്നവർ ലോകമെമ്പാടും നിന്ന് കാപ്പി ശേഖരിക്കുന്നു, കൂടാതെ പലപ്പോഴും കാപ്പിയ്ക്കുള്ള കരാറുകളിൽ മാസങ്ങളോ വർഷങ്ങളോ മുമ്പേ ഒപ്പുവയ്ക്കുന്നു, ഇത് ഉടനടി വില ഉയരുന്നതിൽ നിന്ന് അവരെ ഒരു പരിധിവരെ സംരക്ഷിക്കുന്നു. എന്നിരുന്നാലും, ബ്രസീലിൽ നിന്നുള്ള കാപ്പിയുടെ താരിഫ് ഒഴിവാക്കാൻ ചില ഉപഭോക്താക്കൾ അവരുടെ വിതരണ ശൃംഖലകൾ മാറ്റാൻ ശ്രമിക്കുമ്പോൾ ഗുണനിലവാരം കുറഞ്ഞ കാപ്പി അമേരിക്കയിലേക്ക് എത്തുന്ന പോലെയുള്ള പല പ്രശ്നങ്ങൾ ഉണ്ടാകാമെന്നും വിദഗ്ധർ പറയുന്നുണ്ട്.

More Stories from this section

family-dental
witywide