
വാഷിങ്ടന്‍ : അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ അധിക നികുതി ചുമത്തിയ യു.എസ് നടപടിക്കുമുന്നില്‍ മുട്ടുമടക്കി കൊളംബിയ. യുഎസ് തിരിച്ചയച്ച കുടിയേറ്റക്കാരുമായുള്ള വിമാനം സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
കൊളംബിയന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ കടുത്ത നടപടിക്കു പിന്നാലെയാണ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ഗത്യന്തരമില്ലാതെ കൊളംബിയ സമ്മതം മൂളിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൊളംബിയയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങള്‍ കൊളംബിയ തിരിച്ചയച്ചിരുന്നു.
തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് യു.എസ് കുടിയേറ്റ വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു. കൊളംബിയന്‍ അഭയാര്‍ഥികളെ ചങ്ങലക്കിട്ട് യുഎസ് പട്ടാള വിമാനങ്ങളില്‍ കൊണ്ടു തള്ളാതെ മനുഷ്യത്വപരമായി സിവിലിയന്‍ വിമാനങ്ങളില്‍ കയറ്റി അയക്കണം എന്നാണ് കൊളംബിയ ആവശ്യപ്പെട്ടത്.
മെക്‌സിക്കോയുടെ തീരുമാനത്തിന് പിന്നാലെയാണ് കൊളംബിയയും പ്രസിഡന്റ് ട്രംപിന് വമ്പന്‍ തിരിച്ചടി നല്‍കുന്ന പ്രഖ്യാപനം നടത്തിയത്. ഇത് അംഗീകരിക്കാനാകില്ലന്നു പറഞ്ഞാണ് ട്രംപ് അധിക നികുതി ചുമത്തിയത്. തുടര്‍ന്ന് ട്രംപ് നിലപാട് കടുപ്പിക്കുകയും കൊളംബിയയ്ക്ക് മേല്‍ നിരവധി താരിഫുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ കൊളംബിയ മുട്ടുമടക്കുകയായിരുന്നു. ട്രംപിന്റെ നിലപാട് മറ്റ് രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.