
വാഷിംഗ്ടൺ: ഇസ്രായേലിൻ്റെ ഗാസയിലെ നടപടികളെ വിമർശിച്ചതിൻ്റെ പേരിൽ തൻ്റെ വിസ റദ്ദാക്കിയ യുഎസ് തീരുമാനത്തെ കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ തള്ളിക്കളഞ്ഞു. ഈ നടപടിയിലൂടെ വാഷിംഗ്ടൺ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിൽ പലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിനും യുഎസ് സൈനികരോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവുകൾ ധിക്കരിക്കാൻ ആഹ്വാനം ചെയ്തതിനും പിന്നാലെയാണ് പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ്. വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
“യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യാനുള്ള വിസ ഇനി എനിക്കില്ല. എനിക്കതിൽ വിഷമമില്ല. എനിക്കൊരു വിസയുടെ ആവശ്യമില്ല… കാരണം ഞാൻ കൊളംബിയൻ പൗരൻ മാത്രമല്ല, ഒരു യൂറോപ്യൻ പൗരൻ കൂടിയാണ്, ഞാൻ എന്നെ ലോകത്തിലെ ഒരു സ്വതന്ത്ര വ്യക്തിയായി കണക്കാക്കുന്നു,” പെട്രോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“വംശഹത്യയെ അപലപിച്ചതിൻ്റെ പേരിൽ വിസ റദ്ദാക്കുന്നത്, യുഎസ് ഇനി അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്ന് കാണിക്കുന്നു,” അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഗാസയിലെ തങ്ങളുടെ നടപടികൾ വംശഹത്യയല്ലെന്നും, അത് സ്വയം പ്രതിരോധമാണെന്നുമാണ് ഇസ്രായേൽ ആവർത്തിച്ച് വാദിക്കുന്നത്. മാൻഹട്ടനിലെ യുഎൻ ആസ്ഥാനത്തിന് പുറത്ത് പലസ്തീൻ അനുകൂല പ്രക്ഷോഭകരെ അഭിസംബോധന ചെയ്യവെ, പലസ്തീനികളെ മോചിപ്പിക്കാൻ മുൻഗണന നൽകുന്ന ഒരു ആഗോള സായുധ സേനയ്ക്ക് പെട്രോ ആഹ്വാനം ചെയ്തിരുന്നു. “ഈ സേന യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റേതിനേക്കാൾ വലുതായിരിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് വിസ റദ്ദാക്കപ്പെടുന്ന ആദ്യത്തെ കൊളംബിയൻ പ്രസിഡൻ്റല്ല ഗുസ്താവോ പെട്രോ. 1996-ൽ അന്നത്തെ പ്രസിഡൻ്റ് ഏണസ്റ്റോ സാംപെറിൻ്റെ (Ernesto Samper) വിസയും റദ്ദാക്കിയിരുന്നു. കാലി മയക്കുമരുന്ന് കാർട്ടൽ അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയെന്ന രാഷ്ട്രീയ ആരോപണങ്ങളെ തുടർന്നായിരുന്നു അന്ന് വിസ റദ്ദാക്കിയത്.