
വാഷിങ്ടന്‍: എച്ച്1ബി, എച്ച്4 വീസയുള്ളവര്‍ തത്കാലത്തേക്കു യുഎസില്‍ തന്നെ തുടരണമെന്നും ഈ വീസകളുള്ളവരും നിലവില്‍ യുഎസിനു പുറത്തുള്ളവരുമായ ജീവനക്കാര്‍ എത്രയും വേഗം യുഎസിലേക്ക് തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികള്‍. എച്ച്1ബി വീസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. പുതിയ നിയമം സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും 12 മാസത്തേക്ക് നിലനില്‍ക്കുമെന്നുമാണു ട്രംപ് പറഞ്ഞത്. എച്ച്1ബി, എച്ച്4 വീസയുള്ളവര്‍ നാളെയോടെ തിരികെ എത്തണമെന്നാണ് കമ്പനി നിര്‍ദേശിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജെപിമോര്‍ഗന്റെ ഔട്സൈഡ് ഇമിഗ്രേഷന്‍ കൗണ്‍സിലും എച്ച്1ബി വീസയുള്ളവരോട് കൂടുതല്‍ നിര്‍ദേശം ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരാനും രാജ്യാന്തര യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിനു പുറത്തുള്ളവര്‍ സെപ്റ്റംബര്‍ 21ന് മുന്‍പായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്.















