2 പേരുടെ കാഴ്ച പോയി, വിറ്റ 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ച് കമ്പനി; ബോട്ടിൽ തിരികെ വാൾമാർട്ട് സ്റ്റോറിൽ എത്തിച്ചാൽ പണം ലഭിക്കും

വാഷിംഗ്ടൺ: യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ജൂലൈ 10-ന് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം വാൾമാർട്ട് തങ്ങളുടെ സ്റ്റോറുകളിലും ഓൺലൈനിലും വിറ്റ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. 2017 മുതൽ വിറ്റ ഏകദേശം 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചത്. വാട്ടർ ബോട്ടിലുകളുടെ അടപ്പ്/ലിഡ് ശക്തിയായി തെറിച്ചുപോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഇത്തരത്തിൽ ശക്തമായി തെറിച്ച് പോകുമ്പോൾ ഗുരുതരമായ പരിക്കുകൾക്ക് ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരത്തിൽ അടപ്പ് തെറിച്ച് മുഖത്ത് തട്ടിയതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഇതിൽ രണ്ട് പേർക്ക് കാഴ്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടുവെന്നും വാൾമാർട്ടിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഭക്ഷണമോ, കാർബൊണേറ്റഡ് പാനീയങ്ങളോ, ജ്യൂസ് അല്ലെങ്കിൽ പാൽ പോലുള്ള പെട്ടെന്ന് കേടാകുന്ന പാനീയങ്ങളോ ദീർഘനേരം കുപ്പികളിൽ സൂക്ഷിച്ച ശേഷം ഉപഭോക്താവ് തുറക്കാൻ ശ്രമിക്കുമ്പോൾ അടപ്പ് ശക്തമായി തെറിച്ചുപോകാൻ സാധ്യതയുണ്ടെന്നായിരുന്നു സിപിഎസ്‍സി മുന്നറിയിപ്പ്. തിരിച്ചുവിളിച്ച ഉൽപ്പന്നം ഓസർക്ക് ട്രെയിൽ 64 oz സ്റ്റെയിൻലെസ്സ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകൾ ആണ്. സ്റ്റെയിൻലെസ്സ് സ്റ്റീൽ സിൽവർ നിറത്തിലുള്ള ബേസും ഓസർക്ക് ട്രയിൽ ലോഗോയും കറുത്ത സ്ക്രൂ ക്യാപ് ലിഡും ഈ ബോട്ടിലുകൾക്കുണ്ട്. മോഡൽ നമ്പർ 83-662 പാക്കേജിംഗിൽ ലഭ്യമാണ്.

ഈ വാട്ടർ ബോട്ടിൽ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, ഉടൻ തന്നെ ഉപയോഗം നിർത്തണമെന്നും ആ ബോട്ടിൽ ഏതെങ്കിലും വാൾമാർട്ട് സ്റ്റോറിൽ തിരികെ നൽകിയാൽ മുഴുവൻ പണവും തിരികെ ലഭിക്കുമെന്ന് വാൾമാർട്ട് ഉപഭോക്താക്കളെ അറിയിച്ചു. നേരിട്ട് വാൾമാർട്ടിൽ നിന്നും പണം തിരികെ വാങ്ങാവുന്നതാണ്. ഈ വർഷം ആദ്യം വാൾമാർട്ട് നിരവധി ഭക്ഷ്യോൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് ഈ പുതിയ നടപടി. ഏകദേശം 15 ഡോളറിന് വിറ്റ ഈ ബോട്ടിലുകൾ ചൈനയിലാണ് നിർമ്മിച്ചത്.

More Stories from this section

family-dental
witywide