
കൊച്ചി: എറണാകുളം നഗരത്തിലെ പ്രശസ്ത റസ്റ്റോറന്റ് അമിത എസി ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന് കാട്ടി യുവാവ് രംഗത്ത്. ഡി.എച്ച്. റോഡിലെ കായീസ് ഹോട്ടലിനെതിരെ (ഡര്‍ബാര്‍ ഡൈന്‍)യാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. യുവാവ് തനിക്ക് ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ ഏകദേശം നൂറ് രൂപ എ.സി. ചാര്‍ജായി നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് ഉപഭോക്താവ് പറയുന്നത്.
നഗരത്തില്‍ സമാനഹോട്ടലുകളില്‍ മിക്കതിലും എ.സി ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകം തുക ഈടാക്കാതിരിക്കുമ്പോഴാണ് കായീസിന്റെ നിലപാട് വിമര്‍ശനത്തിന് ഇടയാക്കുന്നത്.
1071 രൂപയുടെ മൊത്തം ബില്ലില്‍ 97.4 രൂപ ‘എ.സി.ഡൈന്‍ ഫെസിലിറ്റി’ എന്ന പേരില്‍ എസി ചാര്‍ജ്ജായി അധികമായി ഈടാക്കിയതായി ബില്ലില്‍ വ്യക്തമാണ്.
മൂന്ന് ചിക്കന്‍ ബിരിയാണിക്ക് 630 രൂപ, മട്ടണ്‍ റോസ്റ്റിന് 250 രൂപ, രണ്ട് ലൈം ജ്യൂസിന് 70 രൂപ, മൂന്ന് പപ്പടത്തിന് 24 രൂപ എന്നിങ്ങനെയാണ് യുവാവ് പങ്കുവെച്ച ബില്ലില്‍ ഉള്ളത്. ഇതിനൊപ്പമാണ് 97.40 രൂപയുടെ ‘എ.സി. ചാര്‍ജും. ഇത് കൂടാതെ, ബില്ലില്‍ ജി.എസ്.ടി.യും ഈടാക്കിയിട്ടുണ്ട്.
അതേസമയം, എ.സി. ഡൈനിംഗ് ഹാളിലേക്ക് കയറുന്ന ഭാഗത്ത് ബില്ലിന്റെ 10% എ.സി. സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ്ജ് ഈടാക്കുമെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. പക്ഷേ, വളരെ ചെറിയ അക്ഷരത്തിലുള്ള ഈ ബോര്‍ഡ് ശ്രദ്ധയില്‍പ്പെടില്ല എന്നതാണ് വാസ്തവമെന്ന് പരാതിക്കാരന് പറയുന്നു. ഇത്തരം അധിക ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ ഹോട്ടലുകള്‍ കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്നും, അല്ലാത്തപക്ഷം ഇത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാകുമെന്നും ആക്ഷേപം ശക്തമാണ്.