ഒടുവിൽ സ്ഥിരീകരണം, കണ്ണൂരിലെ കിണറ്റിൽ ഒളിച്ചിരുന്നു, ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കവെ ജയിൽചാടിയ ഗോവിന്ദചാമിയെ മണിക്കൂറുകൾക്കകം കണ്ണൂരിൽ നിന്ന് പിടികൂടിയെന്ന് സ്ഥിരീകരണം. തളാപ്പിലെ ഡി സി സി ഓഫീസിനു സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കറുത്ത പാൻ്റും ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പുലർച്ചെ ഇവിടെ ഇയാളെ കണ്ടെന്ന വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായി. തിരച്ചിലിനെത്തിച്ച പൊലീസ് നായയും ഈ ഭാഗത്തേക്കാണ് നീങ്ങിയത്. പരിശോധനയ്ക്കൊടുവിൽ ആളില്ലാത്ത വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ വിവരമറിഞ്ഞത് ഏഴ് മണിയോടെയായിരുന്നു. ശേഷം സംസ്ഥാനത്താകെ വലിയ തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവിൽ മൂന്ന് മണിക്കൂറിനിപ്പുറം ഗോവിന്ദച്ചാമിയെ പിടികൂടാനായത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ് നൽകുന്നത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഗോവിന്ദച്ചാമി പിടിയിലായെങ്കിലും കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾ ആഭ്യന്തര വകുപ്പും സർക്കാരും നേരിടേണ്ടിവരും.

More Stories from this section

family-dental
witywide