കൊച്ചി കോർപ്പറേഷൻ ഭരണം പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്, ആദ്യഘട്ടത്തിൽ 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ദീപ്തി മേരി വർഗീസടക്കം പോരാട്ടത്തിനിറങ്ങും

കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പൂർത്തിയാക്കി. 40 സ്ഥാനാർഥികളെയാണ് ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. കൊച്ചി ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ജനറൽ സീറ്റുകളിലും മൂന്ന് വനിതകളെ മത്സരരംഗത്തിറക്കി. ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവർ പട്ടികയിലുണ്ട്.

കോൺഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളിൽ 40 എണ്ണത്തിലെ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മൊത്തം 76 സീറ്റുകളിൽ 65 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് ഏഴ് സീറ്റുകളിലും കേരള കോൺഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിക്കും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ മേയർ ടോണി ചാമ്മിണി, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ടിജെ വിനോദ് എംഎൽഎ, ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ് തുടങ്ങിയവരാണ് പട്ടിക പ്രഖ്യാപിച്ചത്.

ഫോർട്ടുകൊച്ചി ഒന്നാം ഡിവിഷനിൽ മുൻ കൗൺസിലർ ഷൈനി മാത്യു വീണ്ടും മത്സരിക്കുന്നു. മൂന്നാം ഡിവിഷൻ ഈരവേലിയിൽ റഹീന റഫീഖ്, നാലാം ഡിവിഷൻ കരിപ്പാലത്ത് മുൻ കൗൺസിലർ കെഎം മനാഫ്, എട്ടാം ഡിവിഷൻ കരുവേലിപ്പടിയിൽ കവിത ഹരികുമാർ എന്നിവരും രംഗത്തുണ്ട്. ഒമ്പതാം ഡിവിഷൻ ഐലൻഡ് നോർത്തിൽ മുൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, 11-ാം ഡിവിഷൻ എറണാകുളം സൗത്തിൽ മുൻ കൗൺസിലർ കെവിപി കൃഷ്ണകുമാർ, 12-ാം ഡിവിഷൻ ഗാന്ധിനഗറിൽ നിർമല ടീച്ചർ, 14-ാം ഡിവിഷൻ എറണാകുളം സെൻട്രലിൽ മുൻ കൗൺസിലർ മനു ജേക്കബ്, 15-ാം ഡിവിഷൻ എറണാകുളം നോർത്തിൽ ടൈസൺ മാത്യു, 16-ാം ഡിവിഷൻ കലൂർ സൗത്തിൽ മുൻ കൗൺസിലർ എംജി അരിസ്റ്റോട്ടിൽ, 19-ാം ഡിവിഷൻ അയ്യപ്പൻകാവിൽ ദീപക് ജോയി, 20-ാം ഡിവിഷൻ പൊറ്റക്കുഴിയിൽ അഡ്വ. സെറീന ജോർജ് എന്നിവരെയും ഇറക്കി ജയം പ്രതീക്ഷിക്കുന്നു.

നിലവിലെ കൊച്ചി കോർപ്പറേഷൻ ഭരണസമിതി പരാജയമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാന സർക്കാർ കൊച്ചിക്ക് ഒരു പദ്ധതിയും കൊണ്ടുവന്നില്ലെന്നും എല്ലാം യുഡിഎഫ് മുൻ ഭരണസമിതികളുടെ നേട്ടമാണെന്നും ഷിയാസ് കൂട്ടിച്ചേർത്തു. എൽഡിഎഫ് വ്യാജ വോട്ടുകൾ വ്യാപകമായി ചേർത്തുവെന്നും വ്യാജ സ്റ്റാമ്പ് പേപ്പറുകൾ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരെ തിരുകിക്കയറ്റിയെന്നും ഇതിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.