
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിന് പിന്നാലെ, ഷാഫി പറമ്പിൽ എംപിക്കെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ നീക്കം. രാഹുലിനെ സംരക്ഷിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തത് ഷാഫിയാണെന്നാണ് ആരോപണം. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കമാൻഡിന് നൽകിയ പരാതിയിലാണ് ഈ ആരോപണങ്ങൾ ഉയർന്നത്. സ്ത്രീ വിഷയങ്ങളടക്കം രാഹുലിനെതിരെ ഉയർന്ന പരാതികൾ അറിഞ്ഞിട്ടും ഷാഫി പ്രതികരിക്കാതിരുന്നതും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഷാഫി പറമ്പിൽ ഇതുവരെ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. ഡൽഹിയിലെ ഫ്ലാറ്റിൽ തുടരുകയാണ് അദ്ദേഹം. പരാതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി നോക്കിക്കാണേണ്ടത്. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിനുള്ളിൽ തർക്കങ്ങൾക്ക് വഴിവെക്കുന്നതിനിടെ, ഈ വിവാദം പാർട്ടിക്ക് കൂടുതൽ വെല്ലുവിളികൾ ഉയർത്തിയേക്കാം.