
കോഴിക്കോട്: പേരാമ്പ്രയിലെ സിപിഎം-കോൺഗ്രസ് പ്രകടനത്തിനിടെ പൊലീസ് നടപടിയിൽ വടകര എംപി ഷാഫി പറമ്പിലിന് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. യുഡിഎഫ് പ്രവർത്തകർക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കെപിസിസി തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ആസൂത്രിതമായ ആക്രമണമാണെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും പൊലീസിന്റെ നരനായാട്ടാണെന്ന് എം.കെ. രാഘവൻ എംപിയും ആരോപിച്ചു. സംഘർഷത്തിനിടെ ഷാഫി പറമ്പിലിന്റെ മൂക്കിന് പരിക്കേറ്റു, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന് പുറമെ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. രാത്രി തന്നെ തലസ്ഥാനത്തും കോഴിക്കോടും ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാനത്തടക്കം പ്രതിഷേധത്തിനിടെ ശക്തമായ സംഘർഷം ഉണ്ടായി.
ശബരിമല സ്വർണക്കൊള്ളയുള്ളൂടെ മറച്ചുവയ്ക്കാനുള്ള പൊലീസിന്റെ വ്യാഗ്രതയാണ് സംഭവത്തിന് പിന്നിലെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിയാണെന്ന് പറഞ്ഞിട്ടും തല്ലിയെന്നും ഷാഫി പറഞ്ഞു. പൊലീസ് മർദനത്തിലൂടെ സ്വർണക്കടത്ത് ഒളിപ്പിക്കാനുള്ള വ്യാമോഹമാണെങ്കിൽ പേരാമ്പ്രയിൽ വലിയ പരാജയം ഉണ്ടാകുമെന്നും എന്തുകൊണ്ടും സ്വർണം കടത്തവരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി: “പൊലീസിന് ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല, അത് ഓർക്കണം. ഇപ്പോൾ ചെയ്ത പണിക്ക് മറുപടി തന്നിരിക്കും,” ഷാഫി പറഞ്ഞു. പൊലീസ് നടപടിയിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് പരാതി നൽകാനും അവകാശലംഘനത്തിന് നോട്ടീസ് നൽകാനും കോൺഗ്രസ് തീരുമാനിച്ചു. എംപിക്ക് സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും ആരോപിച്ചു.
അതേസമയം, ലാത്തിച്ചാർച്ച് നടത്തിയിട്ടില്ലെന്നും കണ്ണീർവാതക പ്രയോഗത്തിനിടെ തിരക്കിൽ പരിക്കേറ്റതാവാമെന്നും കോഴിക്കോട് റൂറൽ എസ്പി വിശദീകരിച്ചു. സംഘർഷത്തിൽ പത്തോളം പൊലീസുകാർക്കും പരിക്കേറ്റു, ഡിവൈഎസ്പി ഹരിപ്രസാദിന്റെ കൈയ്ക്ക് പരിക്കേറ്റതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസിന്റെ പ്രതിഷേധം രൂക്ഷമായതോടെ സ്ഥിതിഗതികൾ വീണ്ടും വഷളാകാനുള്ള സാധ്യതയുണ്ട്.